തൃശൂർ: എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തൽ. വകുപ്പു തല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുക്കുന്പോൾ അഞ്ച് ഉദ്യോഗസ്ഥർ ജീപ്പിലുണ്ടായിരുന്നെന്നു കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർ അറിയിച്ചു. യുവാവിന്റെ മരണം മർദനമേറ്റെന്നു പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെട്ടിരുന്നു.
മലപ്പുറം തൃപ്പൻകോട് കൈമലശേരി സ്വദേശി കരുമത്തിൽ രഞ്ജിതാണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. രഞ്ജിത്തിനു മർദനമേറ്റെന്നു സ്ഥിരീകരിക്കുന്ന കണ്ടെത്തലുകളാണു പുറത്തുവന്നിരിക്കുന്നത്. തലയ്ക്കും മുതുകിലുമേറ്റ മർദനമാണു മരണ കാരണം. പന്ത്രണ്ടോളം ക്ഷതങ്ങളുണ്ട്. കൈമുട്ട് ഉപയോഗിച്ചു മർദിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഗുരുവായൂരിൽനിന്നു രണ്ടുകിലോ കഞ്ചാവു സഹിതം ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് എക്സൈസിന്റെ വിശദീകരണം. എന്നാൽ, ഇയാളെ പിടികൂടിയത് ഗുരുവായൂരിൽനിന്നല്ല, തിരൂരിൽനിന്നാണെന്നും കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗുരുവായൂരിൽനിന്നു തൃശൂരിലേക്കു കൊണ്ടുവരുന്നതിനിടെ വാഹനത്തിൽവച്ച് അപസ്മാരം ബാധിച്ചു കുഴഞ്ഞുവീണു എന്നായിരുന്നു എക്സൈസിന്റെ വിശദീകരണം. ആശുപത്രിയിലെത്തും മുന്പേ ഇയാൾ മരിച്ചതായി ആദ്യം പരിശോധിച്ച ഡോക്ടർ മൊഴിനൽകിയിരുന്നു.
രഞ്ജിത്തിന്റെ അറസ്റ്റ് മുതൽ എക്സൈസ് നടപടികളിലെ വൈരുധ്യംവരെ നേരത്തേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു മരണം മർദനം മൂലമാണെന്ന സ്ഥിരീകരണമുള്ളത്. ഗുരുവായൂർ എസിപി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.