മലപ്പുറം: താനൂരിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസിനെ വെട്ടിലാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ക്രൂരമായി മർദനമേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.
താമിറിന്റെ ശരീരത്തിൽ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
താമിർ ജിഫ്രി കുഴഞ്ഞു വീണു മരിച്ചുവെന്നാണ് പോലീസിന്റെ പ്രതികരണം. എന്നാൽ താമിറിന് മർദനമേറ്റിരുന്നുവെന്ന ആരോപണത്തിനു ബലം പകരുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. താമിറിന്റെ പുറം, തുട, കാലിന്റെ അടിഭാഗം എന്നിവിടങ്ങളിലെല്ലാം മർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ലഹരിക്കേസുമായി ബന്ധപ്പെട്ട് താമിർ ജിഫ്രി ഉൾപ്പടെയുള്ള പ്രതികളെ തിങ്കളാഴ്ച്ച വൈകീട്ടാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.