സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പോലീസ് സ്റ്റേഷന് കോംപൗണ്ടിന് മുന്നില്‍ തന്നെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സജീവനെ പോലീസ് മര്‍ദിച്ചതായും പോലീസ് മര്‍ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്ഐ മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.
സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും
മര്‍ദനമേറ്റ സജീവന് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി.
സജീവന് സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്നാണ് പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പോലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.
എന്നാല്‍ തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുന്നതിന് മുന്നേ പോലീസ് തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.
വടകര എസ്ഐ മര്‍ദിച്ചെന്നാണ് പരാതി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സജീവന് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ദുരൂഹത
വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് വാഹനമുണ്ടായിട്ടും സുഹൃത്തുക്കള്‍ ഓട്ടോ വിളിച്ചാണ് സജീവനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന ആരോപണം തള്ളുകയാണ് പോലീസ്. സ്റ്റേഷനിലെത്തിച്ച് ഇരുപത് മിനുട്ടിനകം നടപടികള്‍ പൂര്‍ത്തിയാക്കിയതായും പോലീസ് പറയുന്നു.
സ്റ്റേഷനില്‍ നിന്ന് പുറത്ത് വന്ന ഉടന്‍ സ്റ്റേഷന് മുന്നില്‍ സജീവന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വടകര ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും .