ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരുന്നോളൂ, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് ഡേറ്റയുടെ മറവില്‍, പരാതികള്‍ പെരുകുന്നതോടെ പ്രതിരോധത്തിലായി ബിഎസ്എന്‍എല്‍, തട്ടിപ്പ് ഇങ്ങനെ

ഐബിന്‍ കാണ്ടാവനം

നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കിലും പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) കൊള്ളയടി പഴി കേട്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഉപയോക്താക്കള്‍ അറിയാതെ ചെറിയ തോതില്‍ ബിഎസ്എന്‍എല്‍ പണം വലിക്കുന്നുണ്ട്.

ഡാറ്റ അഥവാ ജിപിആര്‍എസ് ഉപയോഗിച്ചു എന്ന് കാണിച്ച് ദിവസേന പല തവണകളായി പത്തു പൈസ വീതമാണ് പ്രധാന ബാലന്‍സില്‍നിന്ന് ബിഎസ്എന്‍എല്‍ വലിക്കുന്നത്. കുറഞ്ഞത് ഒരു ദിവസം 50 പൈസയെങ്കിലും ഇത്തരത്തില്‍ ഉപയോക്താക്കളില്‍നിന്ന് ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് ബിഎസ്എന്‍എല്‍ പിടിച്ചുവാങ്ങുന്നുണ്ട്.

സ്വകാര്യ ടെലികോം കമ്പനികള്‍ 4ജി ഡാറ്റയ്‌ക്കൊപ്പം സൗജന്യ സംസാരസമയവും നല്കുന്നതിനാല്‍ പലരും സെക്കന്‍ഡറി കണക്ഷന്‍ ആയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഡാറ്റ ഉപയോഗിക്കാറുമില്ല. എന്നാല്‍, ഡാറ്റ ഉപയോഗിച്ചു എന്ന് നോട്ടിഫിക്കേഷന്‍ നല്കിയാണ് പത്തു പൈസയോളം ഒരു തവണ ഈടാക്കുന്നത്.

ഫീച്ചര്‍ഫോണുകളില്‍നിന്നുപോലും ഇത്തരത്തില്‍ പണം പോകുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. ഇത് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ നിങ്ങള്‍ ഡാറ്റ ഉപയോഗിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിക്കുക. ഡാറ്റ ഉപയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാല്‍ മൊബൈല്‍ഫോണിന്റെ തകരാറാകുമെന്ന മറുപടി നല്കി ഒഴിവാകുകയാണ് ചെയ്യുന്നതെന്ന് പലരും പറയുന്നു.

അടുത്തിടെ, 4ജി നെറ്റ്വര്‍ക്ക് എന്ന പേരില്‍ ഉപയോക്താക്കളുടെ സിമ്മുകള്‍ 4ജിയിലേക്ക് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇത്തരത്തില്‍ ചെറിയ തുകകള്‍ പിടിച്ചുതുടങ്ങിയത്. വരുമാനം കുറഞ്ഞതോടെ തങ്ങളെ പിഴിയുകയാണോ എന്നാണ് ബിഎസ്എന്‍എലിനോട് ഉപയോക്താക്കള്‍ക്കു ചോദിക്കാനുള്ളത്. ഇനിയും ഈ പ്രവണത തുടര്‍ന്നാല്‍ കണക്ഷന്‍ ഉപേക്ഷിക്കുമെന്നും ഉപയോക്താക്കള്‍ പറയുന്നു.

 

Related posts