കോഴിക്കോട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും സംരക്ഷിക്കാന്‍ കസ്റ്റംസ് ഓഫീസര്‍ ശ്രമിക്കുന്നുവെന്ന ആരോപണം കടുപ്പിച്ചു ബിജെപി. ഈ ഉദ്യോഗസ്ഥന്റെ ഫോട്ടോ അടക്കം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്.
‘കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. മുഖ്യമന്ത്രി ഇന്നു പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്.
ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തില്‍ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്’ ഉദ്യോഗസ്ഥന്റെ ചിത്രമടക്കം പോസ്റ്റ് ചെയതുകൊണ്ട് സുരേന്ദ്രന് ആരോപിക്കുന്നു. കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫേസ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങളും സുരേന്ദ്രന് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞതു കസ്റ്റംസ് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ത്ഥ വസ്തുതയാണ് കസ്റ്റംസ് പറഞ്ഞത്. കെട്ടുകഥ പൊളിഞ്ഞുവെന്നും നുണക്കഥകള്‍ക്ക് വളരെ ചെറിയ ആയുസേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ഇൗ സാഹചര്യത്തിലാണ് അനീഷ് രാജന് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് സിപിഎം അനുകൂലിയാണെന്ന രീതിയില്‍ പ്രസ്താവനയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.
ഇതോടെ ഫേസ് ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ തകൃതിയാകുകയും ചെയ്തു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് കെ.സുരേന്ദ്രന് എന്ന രീതിയില്‍ ചിലര്‍ രംഗത്തെത്തിയപ്പോള്‍ ഉദ്യോഗസ്ഥരിലെ രാഷ്ട്രീയം ചര്‍ച്ചയാക്കുകയാണ് മറ്റൊരു വിഭാഗം.