സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജ്യുവലറികളിലും കയറി കണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാനൊരുങ്ങി കസ്റ്റംസ്.
ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്.
കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തത്.
മുഴുവന്‍ സ്വര്‍ണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കില്‍ ഇല്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ ഉടനീളം ഈ പ്രക്രിയ തുടരും. സ്വര്‍ണ്ണ കള്ളക്കടത്തിന് തടയിടാനുള്ള നീക്കമാണ് ഇത്.