സ്വന്തം ലേഖകന്‍
കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണറുടെ വാഹനത്തെ പിന്തുടരുകയും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
വാഹനം പിന്തുടര്‍ന്നതിന് പിന്നില്‍ ദുരൂഹത അവശേഷിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് തന്നെ നേരിട്ട് അന്വേഷണം നടത്തുന്നത്. കൊച്ചി യൂണിറ്റാണ് വിശദമായ അന്വേഷണം നടത്തുന്നത്.
30 കിലോമീറ്ററിലധികം പിന്തുടര്ന്നുവെന്നതു ഗൗരവത്തോടെയാണു കസ്റ്റംസ് കാണുന്നത്. പിടിയിലായവരുടെ പശ്ചാത്തലവും അവരുമായി ബന്ധമുള്ളവരേയും കുറിച്ച് വിശദമായി അന്വേഷിക്കും.
കൊണ്ടോട്ടി മേഖലയില്‍ നേരത്തെയും കസ്റ്റംസ്, ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരുതവണ ഡിആര്‍ഐ ഉദ്യോഗസ്ഥരും രണ്ടു തവണ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരും ആക്രമണത്തിനിരയായി.
ഇത്തരം സംഭവങ്ങള്‍ നിസാരമല്ല. കാറില്‍ പിന്തുടര്‍ന്നവര്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളുടേയോ സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങളുടേയോ സാന്നിധ്യമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
കസ്റ്റംസിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസായിരുന്നു കേസെടുത്തത്. അന്വേഷണത്തില്‍ കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശികളായ പുല്പറമ്പില് വീട്ടില്‍ ജസീം(24), ബന്ധു ജസീം റഹ്മത്ത്(25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമായതോടെ പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പോലീസിന്റെ അന്വേഷണ രീതിയില്‍ കസ്റ്റംസില്‍ അതൃപ്തിയുണ്ടായി.
പിടികൂടിയവരെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചിരുന്നില്ല. രണ്ട് യുവാക്കളുടേയും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും വാഹന ഉടമയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും ഇതുവരേയും അന്വേഷണം നടത്തിയിട്ടില്ല.
കോള്‍ ഡീറ്റൈയില്‍സ് റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനും പോലീസ് തയാറായിട്ടില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം നടപടികളിലെല്ലാം ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇതിന് വ്യക്തത വരുത്തുകയെന്നതാണ് കസ്റ്റംസിന്റെ ലക്ഷ്യം. അന്വേഷണത്തിന്റെ മുന്നോടിയായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസവും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് ആശയവിനിമയം നടത്തി. ആവശ്യമെങ്കില്‍ ജാമ്യത്തില്‍ വിട്ടയച്ച യുവാക്കളെയും വാഹന ഉടമയേയും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കല്‍പ്പറ്റയിലെ കസ്റ്റംസ് ഓഫിസ് ഉദ്ഘാടനത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കമ്മീഷണര്‍ സുമിത് കുമാറിന്റെ വാഹനത്തെ മുക്കം മുതല്‍ പിന്തുടര്ന്നെന്നും പിന്നീട് എടവണ്ണപ്പാറ കൊണ്ടോട്ടി റോഡില്‍ വച്ച് മുന്പില് കയറി മാര്‍ഗതടസം സൃഷ്ടിച്ചെന്നുമാണ് പരാതി.
വാഹനം ജസീമിന്റെ പിതാവിന്റെ പേരിലുള്ളതാണെന്നും ജസീം, ജസീം റഹ്മത്ത് എന്നിവരാണു കാറില്‍ യാത്ര ചെയ്തിരുന്നതെന്നും പിന്നീട് പോലീസ് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജസീം റഹ്മത്ത് നേരത്തേ കായംകുളത്തുവച്ച് ട്രെയിനില്‍നിന്നു വീണ് ഒരു കാലും കയ്യും നഷ്ടപ്പെട്ട യുവാവാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം വാഹനത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിച്ചതിനാലാണ് പിറകെ വന്ന കമ്മീഷണറുടെ വാഹനത്തെ ശ്രദ്ധിക്കന്‍ കഴിയാതിരുന്നതെന്നാണ് യുവാക്കള്‍ പറയുന്നത്.
എന്നാല്‍ കമ്മീഷണറുടെ വാഹനത്തിന്റെ ഹോണ്‍ അതീവ ശബ്ദമുള്ളതാണ്. ഇത് മറ്റു വാഹനത്തിനുള്ളിലേക്ക് എളുപ്പം കേള്‍ക്കാനാവും. അതിനാല്‍ ഹോണ്‍ കേട്ടിരുന്നില്ലെന്ന വാദം കസ്റ്റംസ് അംഗീകരിക്കുന്നില്ല.