ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലുത് എന്ന അവകാശവാദത്തോടെ സ്ഥാപിച്ച കട്ടൗട്ടിന് അകാലചരമം.
പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്. 120 അടി ഉയരത്തിലാണ് പോര്‍ച്ചുഗല്‍ ഫാന്‍സ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.
ശക്തമായ കാറ്റിലാണ് കട്ടൗട്ട് തകര്‍ന്നുവീണത്. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് കട്ടൗട്ട് ഉയര്‍ത്തിയിരുന്നത്.
കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍.
120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെട്ടിരുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു.
ഇതിനിടെയാണ് കട്ടൗട്ട് നിലംപതിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്നിറങ്ങാനിരിക്കെയാണ് കട്ടൗട്ട് തകര്‍ന്നു വീണതെന്നതും കൗതുകമായി.