പാലക്കാട്: എഴുത്തുകാരൻ ആത്യന്തികമായി അവനവനോട് സത്യസന്ധനായിരിക്കണമെന്ന് എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ. എഴുത്തുകാരന് ദേശപരിമിതിയില്ലെന്നും രചനകൾ ലോകത്തെ മുഴുവൻ സാഹിത്യ ആസ്വാദകരോടും സംവദിച്ച് കൊണ്ടേയിരിക്കുമെന്നും സി.വി അഭിപ്രായപ്പെട്ടു.
എഴുത്തിന്റെ 50വർഷം പൂർത്തിയാക്കുന്ന ബാലകൃഷ്ണനെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസ്ക്ലബ് സംഘടിപ്പിച്ച സുവർണാദരം പരിപാടിയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് പുതിയ എഴുത്തുകാർക്ക് കഥകൾ പ്രചരിപ്പിക്കുന്നിന് സാമുഹിക മാധ്യമങ്ങളുണ്ട്. എന്നാൽ ഞാൻ എഴുതി തുടങ്ങുന്ന കാലത്ത് പരിഗണന കിട്ടാനും അറിയപ്പെടുന്ന പ്രസീദ്ധീകരണങ്ങളിൽ രചനകൾ അച്ചടിച്ച് വരാനും ഏറെ ശ്രമകരമായിരുന്നു.
രചനകൾ, എഴുത്തുകാരൻ കൈപ്പിടിച്ച് നടക്കേണ്ടുന്ന കുട്ടിയല്ലെന്നും എഴുതിക്കഴിഞ്ഞാൽ പുസ്തകവുമായി ബന്ധം വിച്ഛേദിക്കുകയാണ് തന്റെ രീതിയെന്നും സി.വി പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജയൻ ശിവപുരം, കഥാകൃത്ത് ശങ്കരനാരായണൻ, കെ ജെ ജോണി, പ്രസ്ക്ലബ് സെക്രട്ടറി എൻ.എ.എം ജാഫർ എന്നിവർ സംസാരിച്ചു.