കോലഞ്ചേരി: ഒരു നാടിന്റെ മുഴുവന്‍ ഉയര്‍ച്ചയ്ക്ക് കാരണമാകുന്ന രീതിയില്‍ വ്യവസായത്തെ ജനകീയമാക്കിയ വ്യക്തിയാണ് അന്തരിച്ച പ്രമുഖ വ്യവസായി സി.വി. ജേക്കബ്.
സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അദേഹത്തെ ആ നാടിന്റെ സ്വന്തമാക്കി. സ്നേഹ ബഹുമാനത്തോടെ ആ നാട് അദ്ദേഹത്തെ ‘ചാക്കൂട്ടി ചേട്ടാ’ എന്ന് വിളിച്ചു.
ഏലം വ്യാപാരത്തിൽ തുടക്കം
പതിനേഴാം വയസില്‍ ഏലം വ്യാപാരത്തോടെയായിരുന്നു സി.വി. ജേക്കബിന്റെ വ്യവസായ ജീവിതത്തിന്റെ ആരംഭം. 1952ല്‍ വര്‍ക്കി സണ്‍ എൻജിനീയേഴ്സില്‍ പങ്കാളിയായ ജേക്കബ് നിര്‍മാണ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചു.
ആനയിറങ്കല്‍, അപ്പര്‍ കല്ലാര്‍ മുതല്‍ മൂലമറ്റം വരെയുള്ള ഭൂഗര്‍ഭ ടണലുകളുടെ നിര്‍മാണത്തിലും പമ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയില്‍ ഉള്‍വഴി ബന്ധിപ്പിക്കുന്ന ടണലിന്റെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു.
സിന്തൈറ്റ്
1972ല്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സ്ഥാപിച്ചു. തുടര്‍ന്ന് പച്ചക്കുരുമുളക് സംസ്കരിക്കുന്നതിനും മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെ ഡിസ്റ്റിലേഷനു വേണ്ടി ഹെര്‍ബല്‍ ഐസോലേറ്റ് കമ്പനിയും മലപ്പുറം ജില്ലയിലെ കാക്കാഞ്ചേരിയില് സ്പൈസ് ഒലിയോറസ് നിര്‍മിക്കുന്ന കമ്പനിയും സ്ഥാപിച്ചു.
1993ല്‍ തേവരയില്‍ റിവേറ ഹോട്ടല്‍ സ്ഥാപിച്ചു. 2002ല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിക്കായി സിന്തൈറ്റ് എക്സ്പോര്‍ട്ട്സിന് തുടക്കം കുറിച്ചു. തമിഴ്നാട്ടിലെ ഉദുമല്‍പേട്ടില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി പവര്‍ ഡിവിഷനും സ്ഥാപിച്ചു.
2006ല്‍ റോ സ്പൈസസിന്റെ സംസ്കരണം കയറ്റുമതി എന്നിവയ്ക്കായി സ്പൈസ് ഇന്ഗ്രഡിയന്സ് ഡിവിഷന്, സിമേഗ സ്ലേവറി ടെക്നോളജി, സിന്തൈറ്റ് പ്രോപ്പര്‍ട്ടീസ് സ്പൈസ് വില്ലാസ് എന്നിവക്കും തുടക്കമിട്ടു.
2007ല്‍ യുകെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഫ്ളേവേഴ്സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ സിന്തൈറ്റ് കമ്മം ഡിവിഷനും ആരംഭിച്ചു. 2008ല്‍ കൊച്ചിയില്‍ റമദ ലേക്ക് റിസോര്‍ട്ട്സിനു തുടക്കം കുറിച്ചു.
ആദരം
1978ല്‍ ഉപരാഷ്ട്രപതി വി.ഡി. ജെട്ടിയില്‍ നിന്ന് ഉദ്യോഗപത്ര അവാര്‍ഡും വ്യവസായിശ്രീ അവാര്‍ഡും, 1976ല്‍ ഇന്ത്യന്‍ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഡിയില്‍ നിന്നും മികച്ച കയറ്റുമതി അവാര്‍ഡും 1981ല്‍ ഇന്ത്യന്‍ പ്രസിഡന്റ് ആര്. വെങ്കിട്ടരാമനില്‍ നിന്ന് കയറ്റുമതിക്കുള്ള ദേശീയ അവാര്‍ഡും ഉപരാഷ്ട്രപതി ജസ്റ്റിസ് ഹിദായത്തുള്ളയില് നിന്നു മികച്ച കയറ്റുമതി സംരംഭകനുള്ള ദേശീയ അവാര്‍ഡും സി.വി.ജേക്കബിന് ലഭിച്ചിട്ടുണ്ട്.
യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, അമേരിക്കന്‍ സ്പൈസ് ട്രേഡ് അസോസിയേഷന്, ഇന്‍ഡോ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവയിലും അംഗത്വം ലഭിച്ചിട്ടുണ്ട്.
മനുഷ്യത്വത്തിന്റെ ആര്ദ്രരൂപം
മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ നേര്‍മുഖമായിരുന്നു സി.വി. ജേക്കബ്. വ്യവസായവളർച്ചയ്ക്കൊപ്പം ഒട്ടേറെ ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നിര്‍ധനരായ രോഗികള്‍ക്കു കൈത്താങ്ങാകുന്ന അര ഡസൻ സേവന പദ്ധതികള്‍ പ്രഖ്യാപിച്ചാണ് 75-ാം പിറന്നാള്‍ ആഘോഷിച്ചത്. സിവിജെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സ്പന്ദനം, പാര്‍പ്പിടം, പ്രകാശം, വിദ്യാധനം, പ്രതിഭ, സുരക്ഷ, തുടങ്ങിയ പദ്ധതികൾ അനേകായിരങ്ങള്‍ക്ക് തണലായി.
വിധവകള്‍, അംഗവൈകല്യമുള്ളവര്‍, ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കിയും ഹൃദ്രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കിയും പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
പഠനത്തില്‍ സമര് ഥരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും സിന്തൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നു വിദ്യാഭ്യാസ ചെലവും ആശുപത്രി ചെലവും ഭക്ഷണം, വസ്ത്രം മുതലായവയും നല്കി വരുന്നുണ്ട്.
കടയിരുപ്പ് ഗവ. ആശുപത്രിക്ക് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ മന്ദിരവും കടയിരുപ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതിയ മന്ദിരവും നിര്‍മിച്ചു നല്കി. കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു.