തൃശൂര്‍: ഗോള്‍ കീപ്പര്‍മാരുടെ പേടി സ്വപ്നമായിരുന്ന പാപ്പച്ചന് ഇനി അവരുടെ ഇഷ്ട നായകനായി മാറുകയാണ്. 36 വര്‍ഷത്തെ സേവനത്തിനുശേഷം പോലീസില്‍നിന്നു രാജ്യാന്തര ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് ഇന്ന് വിര മിക്കും.
ഗോള്‍ കീപ്പര്‍മാരെ കബളിപ്പിച്ച് വലയ്ക്കുള്ളില്‍ പന്ത് അടിച്ചുകയറ്റിയിരുന്ന പാപ്പച്ചന് ഇനി തന്നെപ്പോലെ ഗോളടിക്കാന്‍ വരുന്നവരെ എങ്ങനെ നേരിടണമെന്നാണ് പഠിപ്പിക്കാനൊരുങ്ങുന്നത്.
വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് അവിടെ ഗോള്‍ കീപ്പര്‍മാര്‍ക്കു മാത്രമായി പ്രത്യേകം കോച്ചുകളും അക്കാദമികളുമൊക്കെ ഉള്ളതായി ശ്രദ്ധയില്‍പെട്ടത്.
ഒരു വര്‍ഷത്തിനുമുമ്പ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പാപ്പച്ചന് ഗോള്‍ കീപ്പര്‍മാര്‍ക്കായി അക്കാദമി തുടങ്ങുമെന്ന് ദീപികയിലൂടെ ആദ്യമായി പ്രഖ്യാപിച്ചത്. പോലീസ് അക്കാദമിയിലെ കമന്‍ഡാന്‍ഡ് പദവിയില്‍ നിന്നാണ് അദ്ദേഹം ഇന്നു വിരമിക്കുന്നത്.
തൃശൂര്‍ പറപ്പൂര് സ്വദേശിയ സി.വി പാപ്പച്ചന് കേരള വര്‍മ കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ല്‍ പോലീസില്‍ എത്തിച്ചു. 14 വര്‍ഷം പോലീസ് ടീമില്‍ കളിച്ചു.
പാപ്പച്ചന് നയിച്ച ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നടന്ന പ്രീസ്റ്റോള് ഫ്രീഡം കപ്പില്‍ ജേതാക്കളായി. 1992ലും 1993ലും സന്തോഷ്ട ട്രോഫി നേടിയ കേരള ടീമിലും രണ്ട് തവണ ഫെഡറേഷന് കപ്പ് നേടിയ പോലീസ് ടീമിലും അംഗമായിരുന്നു.
എഎസ്ഐ ആയി പോലീസ് സേനയിലെത്തിയതു മുതല്‍ നീണ്ട 13 വര്‍ഷം ഫുട്ബോള്‍ മൈതാനത്ത് നിറഞ്ഞുനിന്നു. 1986 മുതല്‍ 96 വരെ എട്ടുതവണ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 87 മുതല്‍ 94 വരെ ദേശീയ ടീമംഗമായി സാഫ് ഗെയിംസ്, നെഹ്റു കപ്പ്, ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങിയവ കളിച്ചു. വന്‍ ഓഫറുകള്‍ തേടിയെത്തിയെങ്കിലും പോലീസ് ടീമില്‍നിന്നു വിട്ടുപോകാന്‍ അദ്ദേഹം തയാറായിരുന്നില്ല.
ഇതിനിടെ ഒരു വര്‍ഷം മാത്രം അവധിയെടുത്ത് എഫ്.സി കൊച്ചിന്റെ ജഴ്സി അണിഞ്ഞു. 1990 ല്‍ ഇന്ത്യന്‍ ഫുട്ബാളിലെ കരുത്തരായ സാല്‍ഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷൻ കപ്പിൽ മുത്തമിട്ടപ്പോള്‍ എണ്ണംപറഞ്ഞ ഗോളുകള്‍ പാപ്പച്ചന്റേതായിരുന്നു.
ജിവി രാജ പുരസ്കാരം, ഡ്യൂറാന്റ് കപ്പില്‍ മികച്ച താരം, ഫെഡറേഷന് കപ്പില്‍ മികച്ച കളിക്കാരൻ, മികച്ച കളിക്കാരനുള്ള കേരള ഫുട്ബോള്‍ അസോസിയേഷന് പുരസ്കാരം, ജിമ്മി ജോര്‍ജ് അവാര്‍ഡ്, ഇ-സി ഭരതന് അവാര്‍ഡ് എന്നിവയടക്കം പത്തിലധികം ബഹുമതികള്‍ സ്വന്തമാക്കി.
2020ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചു. സംഗീത പ്രേമിയായ പാപ്പച്ചന് വിരമിച്ച ശേഷം ആ മേഖലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സംഗീതവും ചെണ്ടയും സാക്സഫോണും പഠിക്കുന്നുണ്ട്.
കേരള പോലീസ് ഫുട്ബോള്‍ ടീമില്‍ വിസ്മയം തീര്‍ത്ത മൂന്നു കളിക്കാരാണ് ഔദ്യോഗിക ജീവിതത്തോടു വിടപറയുന്നത്. പാപ്പച്ചനു പുറമേ പോലീസ് ടീം ഗോള്‍ കീപ്പര്‍ പി.ടി. മെഹബൂബ്, മുന്നേറ്റക്കാരന് സി.എം സുധീര്‍കുമാര്‍ എന്നിവരും ഇന്ന് വിരമിക്കുന്നു.
കേരള പോലീസിലെ പ്രശസ്ത കളിക്കാരായ യു.ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, തോബിയാസ്, ബാബുരാജ്, രാജേന്ദ്രൻ, അലക്സ് തുടങ്ങിയവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. വി.പി സത്യൻ, സി. ജാബിര്‍, ലിസ്റ്റണ്‍ എന്നിവര്‍ അകാലത്തില്‍ വിടപറഞ്ഞു.
സുവര്‍ണ ടീമിലെ താരമായിരുന്ന ഐ.എം വിജയനാണ് ഇനി കേരള പോലീസില്‍ സര്‍വീസിലുള്ള പ്രമുഖൻ.ബീനയാണ് പാപ്പച്ചന്റെ ഭാര്യ. മകള്‍ പിങ്കി ഭര്‍ത്താവ് ഫ്രാന്‍സിസിന് ഒപ്പം അമേരിക്കയിലാണ്.