കണ്ണൂർ: ജ്വല്ലറികളിൽ നിന്നുൾപ്പെടെ ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങി ചെക്ക് നൽകി മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ആനപ്പന്തിയിൽ താമസിക്കുന്ന കീഴ്പ്പള്ളി സ്വദേശി സി.വി. സജേഷ് (34) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നിന് കണ്ണൂർ നേതാജി റോഡിലെ മലബാർ ഗോൾഡ് സൂപ്പർമാർക്കറ്റിൽനിന്ന് 2,18,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി ഫെഡറൽ ബാങ്കിന്റെ ചെക്ക് നൽകി മുങ്ങുകയായിരുന്നു.
അക്കൗണ്ടിൽ പണമില്ലെന്ന് ബാങ്കിൽനിന്ന് അറിയിച്ചതിനെ തുടർന്ന് അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മുങ്ങുകയായിരുന്നുവെന്ന് മലബാർ ഗോൾഡ് മാനേജർ കെ. ഷാജു ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കല്ലറക്കൽ മഹാറാണി ജ്വല്ലറി, നിക്ഷാൻ ഇലക്ട്രോണിക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന ആഭരണങ്ങൾ അപ്പോൾ തന്നെ ഉരുക്കി കട്ടിയാക്കിയശേഷം വില്പന നടത്താറാണ് പതിവെന്ന് പോലീസ് പറഞ്ഞു.
നാലു സ്ഥാപനങ്ങളിൽ നിന്നായി അഞ്ചുലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. ഇതിൽ അരലക്ഷം രൂപമാത്രമാണ് ഒരു സ്ഥാപനത്തിൽ തിരികെ നൽകിയത്. ആനപ്പന്തിയിൽ ഒരു ഡോക്ടർ താമസിക്കുന്ന റൂമിനു മുകളിലായിരുന്നു സജേഷ് താമസിച്ചിരുന്നത്.
നിക്ഷാൻ ഇലക്ട്രോണിക്സിന്റെ സാധനങ്ങൾ എത്തിക്കാൻ ചെന്നവർക്ക് താമസസ്ഥലം അറിയാമായിരുന്നു. അങ്ങനെയാണ് വീട് പോലീസ് കണ്ടെത്തിയത്. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന സജേഷ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിൽ തിരിച്ചെത്തിയത്. അതിനുശേഷമാണ് തട്ടിപ്പിലേക്ക് വഴിമാറിയത്.