തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയത് നടപടിക്രമങ്ങൾ പാലിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി(സിഡബ്ല്യുസി)പോലീസിന് റിപ്പോർട്ട് നൽകി.
ദത്ത് വിവാദത്തിൽ പേരൂർക്കട പോലീസ് നേരത്തെ സിഡബ്ല്യുസിക്ക് ദത്ത് നൽകിയതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് റിപ്പോർട്ട് നൽകിയത്.
ദത്ത് നൽകുന്നതിന് മുന്നോടിയായി സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കിയാണ് പോലീസിന് മറുപടി നൽകിയിരിക്കുന്നത്. അതേ സമയം കുഞ്ഞിനെ തട്ടിയെടുത്തെന്ന പേരൂർക്കട സ്വദേശി അനുപമയുടെ പരാതിയെ തുടർന്ന് അനുപമയുടെ പിതാവ് ജയചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് കോടതി വിധി പറയും.
അനുപമയുടെ പിതാവ് ജയചന്ദ്രൻ, മാതാവ് സ്മിത, സഹോദരി, സഹോദരി ഭർത്താവ് ഉൾപ്പെടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്.
വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയാകുകയും ജാമ്യഹർജിയിൽ വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറയുന്നത്.