കണമല: എരുമേലിയിൽ പക്ഷികൾ ചത്തുവീണു. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അണുബാധയെന്ന് പ്രാഥമിക റിപ്പോർട്ട്.
എരുമേലി പന്പാവാലി കീരിത്തോട് ജെയിംസ് മാത്യുവിന്റെ വീടിനു സമീപമാണ് ആദ്യം കാക്കയും അടുത്ത ദിവസം രണ്ട് കിളികളും ചത്തുവീണത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു.
എരുമേലി സർക്കാർ വെറ്ററിനറി ആശുപത്രിലെ സീനിയർ സർജൻ ഡോ. അനിൽകുമാർ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജഡങ്ങളിലെ സാന്പിളുകൾ തിരുവല്ലയിലെ സർക്കാർ ലാബിലാണ് പരിശോധനയ്ക്ക് നൽകിയത്.
പരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ കിട്ടിയെന്ന് ഡോക്ടർ പറഞ്ഞു. പക്ഷിപ്പനി, വിഷം എന്നിവ മൂലമല്ല പക്ഷികൾ ചത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അണുബാധ പ്രകടമായിട്ടുണ്ടെന്ന് സാന്പിൾ പരിശോധനയിൽ തെളിഞ്ഞെന്ന് ഡോക്ടർ അറിയിച്ചു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് വിശദമായ റിപ്പോർട്ട് ലഭിക്കുന്നതോടെ സ്ഥിരീകരിക്കാനാവുമെന്ന് ഡോക്ടർ പറഞ്ഞു.
അസ്വാഭാവികമായി പക്ഷികൾ ചത്തുവീഴുന്നത് കണ്ട് സംശയം തോന്നി ജഡങ്ങൾ സൂക്ഷിച്ചു വെച്ച ജെയിംസ് മാത്യു എന്താണ് ഇതിന്റെ കാരണം എന്നറിയാൻ ആരോഗ്യ വകുപ്പിൽ നിന്ന് അന്വേഷണം നടത്താൻ വേണ്ടി നിരവധിപ്പേരെ ഫോണിൽ വിളിക്കേണ്ടി വന്നു.
ഒടുവിൽ എരുമേലി പോലീസ് ആണ് ജഡങ്ങൾ വാങ്ങി പോസ്റ്റ്മോർട്ടത്തിന് നൽകിയത്. കോവിഡ് വ്യാപനം പക്ഷികളിൽ പ്രകടമായോ എന്നുള്ള സംശയ നിവാരണത്തിന് കൂടിയാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മേഖലയിൽ പല സ്ഥലത്തും പക്ഷികൾ ചത്തു വീഴുന്നെന്ന് നാട്ടുകാർ അറിയിച്ചതും പോലീസിലും സംശയം വർധിപ്പിച്ചു.