കോട്ടയം: അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമില്ലാതെ നട്ടംതിരിയുകയാണ് കാഞ്ഞിരപ്പള്ളി എക് സൈസ് റേഞ്ച് ഓഫീസിലെ ജീവനക്കാർ. മുണ്ടക്കയത്താണു കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. എങ്ങോട്ടെങ്കിലും പോകണമെന്നു പറഞ്ഞാൽ ഓഫീസിലുള്ളവർ വാഹനത്തിനായി ആദ്യം വിളിക്കുന്നത് എക്സൈസിന്റെ പൊൻകുന്നം സർക്കിൾ ഓഫീസിലേക്കും പീന്നിടു എരുമേലി റേഞ്ച് ഓഫീസിലേക്കുമാണ്. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിൽനിന്നു പ്രതികളെ പിടികൂടാൻ പോകുന്നതിനു വാഹനം ആവശ്യപ്പെട്ടുള്ളതാണു ഈ വിളികൾ.’
വർഷങ്ങൾക്കു മുന്പു തുടങ്ങിയതാണു കാഞ്ഞിരപ്പള്ളി എക്സൈസിന്റെ പരാധീനതകൾ. മുന്പു ഇവിടെയുണ്ടായിരുന്ന ജീപ്പ് പ്രതിയെ പിടിക്കുവാൻ പോകുംവഴി തമിഴ്നാട്ടിലെ കന്പത്ത് വച്ചു അപകടത്തിൽപ്പെട്ടിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം രൂപയുടെ കേടുപാടുകൾ സംഭവിച്ച ജീപ്പ് കോട്ടയത്തുള്ള വർക്ക്ഷോപ്പിലേക്കു മാറ്റി. ജീപ്പ് നന്നാക്കിയെടുക്കാൻ സർക്കാരിൽനിന്നു പണം ലഭിച്ചില്ല.
വർഷങ്ങൾ കഴിയുന്പോഴും ഈ ജീപ്പ് നന്നാക്കാൻ സാധിക്കാതെ കോട്ടയത്തെ വർക്ക്ഷോപ്പിലുണ്ട്. ജീപ്പ് ലഭിക്കണമെന്ന ആവശ്യം നിരന്തരമായി കാഞ്ഞിരപ്പള്ളി റേഞ്ച് ഉന്നയിച്ചിരുന്ന സമയത്താണു പാന്പാടി റേഞ്ചിനു പുതിയ ജീപ്പ് ലഭിക്കുന്നത്. ഇതോടെ അവിടെയുണ്ടായിരുന്ന കണ്ടം ചെയ്യാറായ ജീപ്പ് കാഞ്ഞിരപ്പള്ളി റേഞ്ചിനു നല്കുകയായിരുന്നു. ഇതോടെ എക്സൈസുകാരുടെ ജോലി പതിൻമടങ്ങു വർധിച്ചു.
എവിടെപ്പോയാലും ഈ ജീപ്പ് വഴിയിൽ കിടക്കുന്ന അവസ്ഥയായിരുന്നു. ജീപ്പ് തിരികെ ഓഫീസിൽ എത്തിക്കുന്നതിനു തെറ്റില്ലാത്ത ഒരു തുക ജീവനക്കാരുടെ പക്കൽനിന്നു നഷ്ടപ്പെട്ടുകൊണ്ടിരുന്നു. തുരുന്പ് കയറിയ ജീപ്പിന്റെ ബോഡി ദ്രവിച്ച് പൊടിയുകയായിരുന്നു. ഈ ജീപ്പിന്റെ ഇൻഷ്വറൻസ് ഉൾപ്പെടെ തീർന്നതോടെ തിരികെ പാന്പാടിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.
മലയോര മേഖലയിലെ വ്യാജമദ്യ നിർമാണമുൾപ്പെടെയുള്ളവ തടയാൻ എക്സൈസ് സംഘത്തിന് കാട്ടുവഴികൾ താണ്ടേത് വാഹനമില്ലാതെയാണ്. പൊൻകുന്നത്തെ സർക്കിൾ ഓഫീസിൽനിന്നോ എരുമേലി റേഞ്ച് ഓഫീസിൽനിന്നോ വാഹനം എത്തിച്ചു സ്ഥലത്തെത്തുന്പോഴേക്കും വാറ്റുകാർ സ്ഥലം വിട്ടിട്ടുണ്ടാകും.
രണ്ടു ഓഫീസുകളിൽനിന്നും വാഹനം എത്തിച്ചു അതിൽ പോകാൻ അധികൃതർ നിർദേശം നല്കിയിരിക്കുന്നതിനാൽ ടാക്സി വാഹനങ്ങൾ വിളിച്ചാൽ സ്വന്തം പോക്കറ്റിൽനിന്നു പണം നല്കേണ്ട സാഹചര്യവുമാണ്. മുണ്ടക്കയം മുതൽ പൈക വരെയുള്ള വിശാലമായ ഏരിയ ഓടിയെത്താൻ വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ മാത്രമാണ് എക്സൈസിന് ആശ്വാസം. അടിയന്തരമായി കാഞ്ഞിരപ്പള്ളി എക്സൈസ് ഓഫീസിന് പുതിയ ജീപ്പ് അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.