തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു നേരെയുള്ള സിപിഎം സൈബർ സഖാക്കളുടെ ആക്രമണത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയെ പുകഴ്ത്തിയാൽ പരവതാനി വിരിയ്ക്കും, എന്നാൽ വിമർശിച്ചാൽ സൈബർ ആക്രമണമെന്നതാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന പെരുമാറ്റമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നും ചെന്നിത്തല വിമർശിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആളുകളോട് മാന്യമായി പെരുമാറിയത് പിണറായി വിജയൻ കണ്ടു പഠിക്കേണ്ടതാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു.മാധ്യമപ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിന് സൈബർ ഗുണ്ടകൾക്ക് ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണ്.
എന്നിട്ടാണ് സൈബർ ആക്രമണമല്ല സംവാദമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞാൽ ഇവരെ നിലയ്ക്കു നിർത്താം. എന്നാൽ ഇതിനൊക്കെ വളം വച്ചുകൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തിൽ ചോദ്യം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇവിടെ ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് പിണറായിയുടെ ശ്രമം. ട്രംപും മോദിയും പിണറായിയുമെല്ലാം ഒരേ ശൈലിയിലുള്ള ആൾക്കാരാണെന്നും ചെന്നിത്തല പരിഹസിച്ചു.
ഇടതു മുന്നണിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമായി മാറി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് അതിശക്തമായ ബന്ധമാണ് ഉള്ളത്. ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു.
സിപിഎമ്മിനുള്ളിൽ ക്രിമിനലൈസേഷൻ സ്വഭാവം വന്നത് ആരു പാർട്ടി സെക്രട്ടറിയായി വന്നശേഷമാണെന്ന് എല്ലാവർക്കും അറിയാവുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം മുതൽ നിരവധി കൊലപാതകങ്ങൾ ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.