കോഴിക്കോട്: സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയില്‍ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാതെ നിയമനടപടിയുമായി മുന്നോട്ടുപോയ യുവതിയെ വനിതാകമ്മീഷന് അഭിനന്ദിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായ യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിലാണ് യുവതി നിലപാട് മാറ്റാതെ ഉറച്ചു നിന്നത്.
പോലീസില്‍ പരാതി നല്‍കിയിട്ടും നീതിലഭിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് യുവതി വനിതാകമ്മീഷന് മുമ്പാകെ സമീപിച്ചത്. കമ്മീഷന് നിര്‍ദേശപ്രകാരം യുവതിയുടെ പരാതിയില്‍ ഒരുമാസത്തിനു ശേഷം പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണത്തിനിടയിലും വനിതാകമ്മീഷന് പരാതി പരിഗണിക്കുന്ന കാലഘട്ടത്തിലുമെല്ലാം കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പരാതിക്കാരിയെ പ്രതി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും നിയമത്തിന്റെ നടപടികളില്‍ നിന്ന് പിന്മാറാന് യുവതി തയാറാവാത്തത് ഏവര്‍ക്കും മാതൃകയാണെന്ന് വനിതാകമ്മീഷന് അംഗം എം.എസ്.താര പറഞ്ഞു.
സാധാരണയായി കമ്മീഷന് മുമ്പാകെ എത്താറുള്ള തൊഴിലിടങ്ങളിലെ പരാതികള്‍ ഇത്തവണ ഒന്നും തന്നെ എത്തിയിട്ടില്ലെന്നും കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു.