തിരുവനന്തപുരം: ആരെയും അംഗീകരിക്കാന്‍ പൊതുവെ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍ എന്നു പറയാറുണ്ട്. ഇന്നലെ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചപ്പോഴും മലയാളി ആ പഴയശീലം തുടരുകയാണ്. ഇദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബര്‍ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്.
മലയാള സിനിമകണ്ട ഏറ്റവും മികച്ച നടന് എന്ന് ഒട്ടുമിക്കവരും വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് മലയാളികള്‍ ലാലിനെ വിമര്‍ശിക്കുന്നത്. മോദിയെ പ്രശംസിച്ചതിന്റെ പ്രതിഫലമാണ് പത്മഭൂഷണ്‍ എന്നാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കിയ ശുപാര്‍ശയില്‍ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍, പുരസ്ക്കാരം ലഭിച്ചതാകട്ടെ മോഹന്‍ലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബര്‍ ലോകത്ത് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്ക്കാരത്തിന് മലയാളത്തിന്റെ മഹാനടന് അര്‍ഹനല്ലെന്നാണ് ഒരു വിഭാഗം സൈബര്‍ ലോകത്ത് കണ്ടെത്തുന്നത്.
ആര്‍എസ്എസിനെയും മോദിയെയും സോപ്പിട്ടതിന്റെ പ്രതിഫലനമാണ് പുരസ്ക്കാരം എന്നാണ് ചിലര്‍ പറയുന്നത്. ഈ ആരോപണം സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാലിനെ സംഘിയാക്കി മുദ്രകുത്താന്‍ ഇടയാക്കിയത് രണ്ട് സംഭവങ്ങളാണ്. ഒന്ന് അദ്ദേഹത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന വിധത്തില്‍ പ്രചരണം വന്നതും രണ്ടാമത് അദ്ദേഹം ആര്‍എസ്എസുമായി ചേര്‍ന്ന് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളും. മോദിയെ കണ്ട ശേഷം അദ്ദേഹം എഴുതിയ ബ്ലോഗിനെ ഓര്‍ത്തുകൊണ്ടും വിമര്‍ശനം ഉയരുന്നുണ്ട്. മോദിയെ സന്ദര്‍ശിച്ച ശേഷം പോസിറ്റീവ് എനര്‍ജി ഉണ്ടായെന്നായിരുന്നു അദ്ദേഹം സ്വന്തം ബ്ലോഗില്‍ എഴുതിയത്. ‘മോദിഫൈഡ് വേവ്സ്’ എന്ന തലക്കെട്ടിലാണ് അന്നത്തെ ബ്ലോഗ്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം ഒരു വിശേഷപ്പെട്ട ദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് ബ്ലോഗ് ആരംഭിക്കുന്നത്. മോദിയുടെ വീട്ടില്‍ നേരില്‍ ചെന്ന് സന്ദര്‍ശിച്ചെന്നും അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചെന്നും ലാല്‍ കുറിച്ചിരുന്നു.
മോഹന്‍ലാല്‍ ജീ എന്ന് വിളിച്ചായിരുന്നു മോദി തന്നെ സ്വീകരിച്ചത്. തന്റെ തോളില്‍ മൂന്ന് തവണ തട്ടി സ്വീകരിച്ച മോദി നാല്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കേട്ടപ്പോള്‍ നിഷ്കളങ്കമായി വിസ്മയിച്ചെന്നും ലാല്‍ പറഞ്ഞു. കര്‍ണഭാരം എന്ന നാടകത്തെ കുറിച്ചും തന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയെ കുറിച്ചുമുള്ള വിശേഷങ്ങളും ഏറെ താല്പര്യത്തോടെയാണ് മോദി കേട്ടിരുന്നത്. നാല് കാര്യങ്ങളാണ് പ്രധാനമായും മോദിയുമായി പങ്കുവെച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യത്തെ കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും ആ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. പുതുതായി ആരംഭിക്കാനിരിക്കുന്ന കാന്‍സര്‍ കെയര്‍ സന്റെര്‍, പുതിയ പദ്ധതിയായ ഗ്ലോബര്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, നാലാമതായി തുടങ്ങാനിരിക്കുന്ന യോഗ റീഹാബിലിയേഷന്‍ സന്റെര്‍ എന്നിവയെ കുറിച്ചും മോദിയോട് സംസാരിച്ചു.
ജീവിതത്തില്‍ താന്‍ പരിചയപ്പെട്ട ഏറ്റവും നല്ല ‘ക്ഷമയുള്ള കേള്‍വിക്കാരനാണ് മോദിയെന്നും പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം മൗനത്തോടെ കേട്ടിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൂടിക്കാഴ്ചയുടെ പോസിറ്റിവ് തരംഗങ്ങള്‍ തന്നില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്, എല്ലാ കാര്യങ്ങള്‍ക്കുമുള്ള പിന്തുണയും മോദി ഉറപ്പാക്കിയതായി അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. അന്ന് ബ്ലോഗില്‍ മോഹന്‍ലാല്‍ എഴുതിയ വാക്കുകളുടെ പേരിലാണ് ഇപ്പോള്‍ പുരസ്ക്കാരം ലഭിക്കുമ്പോഴും അദ്ദേഹം വിമര്ശിക്കപ്പടെുന്നത്. മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
അതേസമയം മോഹന്‍ലാലിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനം നമ്പി നാരായണന്റെ പത്മഭൂഷന്റെ കാര്യത്തില്‍ ഇല്ല. കാരണം അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടത് സിപിഐ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ്. ഇനി നമ്പി നാരായണന് പുരസ്ക്കാരം നല്‍കിയതിലൂടെ അദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ടു കൂടിയാണ് ഈ വിമര്‍ശനം ഇപ്പോള്‍ ഉയരാത്തത്. നീതിക്കായുള്ള പോരാട്ടത്തിന്റെ ഒടുവിലാണ് പത്മഭൂഷണ്‍ നല്കി രാജ്യം നമ്പി നാരായണനെ ആദരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. ഒരു വിഭാഗം മോഹന്‍ലാലിനെ അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിരിക്കുമ്പോള് രാജ്യം ആദരിച്ച മഹാനടനെ അവഹേളിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്തിനെയും സംഘിചാപ്പ കുത്തുന്ന പ്രവണത തെറ്റാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.