മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലില്‍ ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരനു നേരെ സൈബര്‍ ആക്രമണം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) ഫേസ്ബുക്ക് ഗ്രൂപ്പിനും അഡ്മിന്‍ അജിത് കുമാറിനുമെതിരെ പരാതി നല്‍കിയ അഡ്വ. ശ്രീജിത്ത് പെരുമനയ്ക്കു നേരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മാസ് ആക്രമണം ഉണ്ടായിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ശ്രീജിത്ത് പെരുമന ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കു എതിരേ മാസ് റിപ്പോര്‍ട്ടിങ് ഉണ്ടായതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി നിരോധിച്ചത്.
ശ്രീജിത്തീന്റെ പേജ് പൂട്ടിക്കാന്‍ മാസ് റിപ്പോര്‍ട്ടിങ് നടത്താന്‍ ആവശ്യപ്പെട്ട് ജിഎന്‍പിസി ഗ്രൂപ്പില്‍ പോസ്റ്റ് വന്നിരുന്നുവെന്ന് ശ്രീജിത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. ദിലീപ് കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് മാസ് റിപ്പോര്‍ട്ടിങ്ങിനുവിധേയമായതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് അറിയിപ്പ് ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്.
തന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാനോ, വ്യക്തിപരമായ വിദ്വേഷങ്ങള്‍ തീര്‍ക്കാനോ അല്ല താന്‍ പരാതി നല്‍കിയതെന്നും, ജിഎന്‍പിസി സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത് ഇല്ലാതാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ശ്രീജിത്ത് പറയുന്നു.
സൈബര്‍ ആക്രമണങ്ങളിലുടെയും കീഴ്പ്പെടുത്തനായി ശ്രമം, ശക്തമായ നിലപാടുകളുള്ള മനുഷ്യനാണ് താന്‍, നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു.