കൊച്ചി: സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പരാതി നല്കിയ ബാലതാരം ദേവനന്ദയുടെ കുടുംബം. ദേവനന്ദ നല്കിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ദേവനന്ദയുടെ പിതാവിന്റെ പരാതി. എറണാകുളം സൈബര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
മകള്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയുടെ പ്രമോഷനായി വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി അഭിമുഖം നല്‍കിയിരുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ ഈ അഭിമുഖത്തില്‍നിന്ന് ഒരു ഭാഗം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പിതാവിന്റെ പരാതിയിലുള്ളത്.
തങ്ങളുടെ അനുവാദം ഇല്ലാതെ ഇന്റര്‍വ്യൂ എടുത്ത്, മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യിക്കുകയും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് പരാതിയില്‍ പറയുന്നത്.