ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12ൽ പാക്കിസ്ഥാനെതിരേയുള്ള തോൽവിക്കു പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കുനേരേ സൈബർ ആക്രമണം.
ചതിയൻ, ഒരു പാക്കിസ്ഥാനി ഇന്ത്യൻ ടീമിനൊപ്പം, പാക്കിസ്ഥാനിൽനിന്നു പണം മേടിച്ചാണു കളിച്ചത് എന്നിങ്ങനെ നീളുന്നു ഷമിക്കെതിരേയുള്ള വിദ്വേഷ കമന്റുകൾ.
ഷമിയുടെ ദേശീയതയെ പോലും ചോദ്യം ചെയ്ത് ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരേ നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ടീം അംഗങ്ങളോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.
ഷമിക്കു പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി. മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ് 43 റണ്‍ വഴങ്ങിയ ഷമിക്കു വിക്കറ്റ് നേടാനായില്ല.
ഷമി പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിൽ തോറ്റ 11 പേരിൽ ഒരാൾ മാത്രമാണ്. സമൂഹമാധ്യത്തിലൂടെ അസഭ്യവർഷങ്ങൾക്കും കളിയാക്കലുകൾക്കും ഇരയായ സഹകളിക്കാരനൊപ്പം ടീം ഇന്ത്യ നിൽക്കണം.
അങ്ങനെ ചെയ്തില്ലെങ്കിൽ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന് ഇന്ത്യൻ ടീം പിന്തുണ നൽകുന്നതിൽ യുക്തിയില്ല- കാഷ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
മുഹമ്മദ് ഷമി, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ആ വിദ്വേഷംനിറഞ്ഞവരെ സ്നേഹിക്കാൻ ആളില്ലായിരുന്നു. അതാണ് അവർ അങ്ങനെയായത്. അവരോടു ക്ഷമിക്കുക-കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചു.
ഷമിക്കെതിരേയുള്ള ഓണ്‍ലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അവനൊപ്പം നിൽക്കുന്നു. അവനൊരു ചാന്പ്യൻ ബൗളറാണ്.
ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ കളിക്കാരന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവർക്കില്ല. ഷമിക്കൊപ്പം- മുൻ താരം വീരേന്ദർ സെവാഗ് കുറിച്ചു.