ചെന്നൈ: ഏഴ് മാസം പ്രായമായ കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ സൈബർ ആക്രമണം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരിയായ രമ്യ(33)യാണ് വിഷാദ രോഗത്തിന് ചികിത്സയിലിരിക്കെ ജീവനൊടുക്കിയത്.
കഴിഞ്ഞ മാസം 28 ന് ആണ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയിൽ നിന്ന് കുഞ്ഞ് താഴേക്ക് വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവതിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ബന്ധുക്കളിൽ നിന്ന് കുറ്റപ്പെടുത്തലുകൾ കേട്ടതോടെ രമ്യ വിഷാദത്തിലായി ചികിത്സ തേടിയിരുന്നു. രണ്ടാഴ്ച മുൻപാണ് രമ്യയും രണ്ട് മക്കളും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും ശനിയാഴ്ച വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയിൽ രമ്യയെ കണ്ടത്. ദമ്പതികൾക്ക് അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.