കോഴിക്കോട്: സോഷ്യല്‍ മീഡിയ ലിങ്കുകളിലും ആപ്പുകളിലും അനാവശ്യമായ തലവയ്ക്കുന്നതുവഴി വലിയ സാമ്പത്തിക തട്ടിപ്പിന് മലയാളികള്‍ ഇരയാകുന്നതായി കണക്കുകള്‍.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതികളില്‍ നിന്നു വ്യക്തമാകുന്നു. 2016 മുതൽ 2023 വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണനിരക്കും കൂടുതലാണ്. ചീറ്റിംഗ് കേസുകളും സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ൽ അത് 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ തൊട്ടടുത്ത വർഷം 2019-ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020 ൽ 426 കേസുകളും 2021-ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു.
2022-ൽ 815 കേസുകളും 2023 ഇതുവരെ960 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.അംഗീകാരമില്ലാത്ത ലോൺ ആപ് കേസുകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരം ചതികളിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടാൽ പ്രശ്ന പരിഹാരം ഉണ്ടാകും.പലകേസുകളിലും ഉത്തരേന്ത്യകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.