കോഴിക്കോട്: ബാങ്കില്‍ നിന്നാണെന്നപേരില് വ്യാജ ഫോണ്‍കോള്‍ വഴി സംസ്ഥാനത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു. ചിപ്പ് വച്ച പുതിയ എടിഎം കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി ചില ബാങ്കുകള്‍ പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും നിലവിലെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തെന്നും അതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന കോഡ് പറഞ്ഞു നല്‍കണമെന്ന ആവശ്യവുമായാണ് വ്യാജ ഫോണ്‍ കോളുകള്‍ വരുന്നത്. കോഡ് അപ്പോള്‍ തന്നെ പറഞ്ഞു തന്നാല്‍ കാര്‍ഡ് പുതിയത് വേഗത്തില്‍ അയച്ചു നല്‍കാമെന്നും അല്ലെങ്കില്‍ കാലതാമസം എടുക്കുമെന്നുമാണ് തട്ടിപ്പ് സംഘം പറയുന്നത്.
ഡേറ്റ ബേസില്‍ വിവരങ്ങള്‍ ചോര്‍ത്തി വിളിക്കുന്നതിനാല്‍ തന്നെ അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കാര്‍ഡ് ഉടമകളെ കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. വിദ്യാസമ്പന്നരായ പലരും ഇവരുടെ വലയിലായ സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തിരക്കി ഇന്ത്യയില്‍ ഒരു ബാങ്കില്‍ നിന്നും ഫോണ്‍ വിളികള്‍ വരില്ല. ഇത്തരത്തില്‍ വിളിക്കുന്നത് തട്ടിപ്പുകാരാണ്.
നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ ബാങ്കില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ നല്കി പരിഹരിക്കണം. എടിഎം കാര്‍ഡിന്റെ നമ്പര്‍, സവിവി നമ്പര്‍ , പാസ് വേര്‍ഡ്, ഇതുമായി ബന്ധപ്പെടുത്തി മൊബൈല്‍ ഫോണിലേക്കു വരുന്ന ഒടിപി നമ്പര്‍ ഇവ ആര്‍ക്കും ഷെയര്‍ ചെയ്യരുത്. ഓണ്‍ലൈനായി സാധനങ്ങള്‍ ന്യായവിലയെക്കാള്‍ വിലകുറച്ച് വില്‍ക്കുന്ന ഓഫര്‍ മെസേജുകളോട് പ്രതികരിക്കാതിരിക്കുക.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരിലോ മറ്റോ വരുന്ന ഫോണ്‍ കോളുകളിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറരുത്. ഓണ്‍ലൈന്‍ ലോട്ടറി സമ്മാനം ലഭിക്കുന്നതിനു വേണ്ടി ബാങ്ക് അക്കൗണ്ട് , എടിഎം കാര്‍ഡ് എന്നിവയുടെ വിവരങ്ങളോ പണമോ നല്‍കാതിരിക്കുക. ഓണ്‍ലൈന്‍, എടിഎം തട്ടിപ്പിനിരയായാല്‍ ബാങ്ക് അധികൃതരയോ സൈബര്‍ സെല്ലിലോ ഉടന്‍ അറിയിക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി.