സീമ മോഹന്‍ലാല്‍
കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസുകള്‍ സംബന്ധിച്ച് കേരള പോലീസിന്റെ സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് (1930) നമ്പറില്‍ ലഭിക്കുന്ന പരാതികളിലേറെയും എറണാകുളം ജില്ലയില്‍ നിന്ന്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 700 പരാതികളാണ് ലഭിച്ചത്.
രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. ഇവിടെ നിന്നും 550 പരാതികളാണ് ഉണ്ടായത്. രണ്ടര വര്‍ഷത്തിനിടെ പോലീസിന്റെ ഇടപെടല്‍ മൂലം വിവിധ ബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് 23 കോടി രൂപയുടെ ക്രയവിക്രയം തടയാനായി.
1930 എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിവിധ ജില്ലകളില്‍നിന്നും പ്രതിദിനം 500 നും 600 നും ഇടയില്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഫോണ്‍കോളുകളാണ് വരുന്നത്. ഇതു പരിശോധിച്ച ശേഷം പ്രതിദിനം 75ലധികം തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
രജിസ്ട്രേഷന് രണ്ടു ഘട്ടങ്ങള്‍
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ െ്രെകം ഹെല്പ്പ്ലൈന് (1930) നമ്പറിലേക്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഫോണ്‍കോളുകള്‍ ലഭിച്ചാല്‍ പരാതിക്കാരന് നഷ്ടമായ തുക, കബളിപ്പിക്കപ്പെട്ട രീതി, ട്രാന്സാക്ഷന് ഐജി, ബാങ്ക് ഡീറ്റെയ്ൽസ് എത്ര തവണ പണം നഷ്ടമായി എന്നീ വിവരങ്ങള്‍ ശേഖരിച്ച് ഇവന്റ് രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ടുള്ള ബാങ്കിലേക്ക് വിവരങ്ങള്‍ നല്‍കും.
ബാങ്കിലെ ലെയ്സണ്‍ ഓഫീസര്‍ അക്കൗണ്ട് പരിശോധിച്ച് പണം നഷ്ടമായി എന്നു ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് ഫ്രീസ് ചെയ്യും. ചെയിന്‍ ട്രാന്സാക്ഷന് പോലെയാണ് പണം മറ്റ് അക്കൗണ്ടുകളിലേക്ക് നഷ്ടപ്പെട്ടിട്ടുള്ളതെങ്കില് അക്കൗണ്ട് ബ്ലോക്ക് ചെയ്യും. അവിടെക്കൊണ്ട് തീര്‍ന്നില്ല പോലീസ് നടപടികള്‍.
ഇതിന്റെ തുടര്‍ നടപടികള്‍ പരിശോധിക്കുന്നതിനായി ബാങ്ക് ഫോളോഅപ്പ് ടീമുമുണ്ട്. കേസ് രജിസ്ട്രേഷനോട് ആദ്യം ഘട്ടം പൂര്‍ത്തിയാകും.
കേസ് രജിസ്ട്രേഷനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ പരാതിക്കാരന് നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടി(എന്‍സിആര്‍പി)ലില്‍ നിന്ന് ലിങ്ക് ലഭിക്കും.
അതുവഴി സൈബര്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് ഡോക്യുമെന്റ്സ് പരാതിക്കാരന് അപ് ലോഡ് ചെയ്യാം. ഇതു ചെയ്തു കഴിഞ്ഞാലെ രജിസ്ട്രേഷന് പൂര്‍ണമാകു. അതിനുശേഷമാകും ബാങ്ക് ഫോളോഅപ്പ് ടീമിനു കേസ് കൈമാറുക.
എന്നാല്‍ ആദ്യഘട്ടം കൊണ്ട് രജിസ്ട്രേഷന് പൂര്‍ണമായി എന്ന ധാരണയാണ് പലര്‍ക്കും ഉള്ളത്. സൈബര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കംപൂട്ടര്‍ തന്നെ ഉപയോഗിക്കണം. ഹെല്പ്പ്ലൈന് നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറും.
കേസ് രജിസ്ട്രേഷന് സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.
പരാതിപ്പെടാന്‍ വൈകരുത്
തട്ടിപ്പിന് ഇരയായാല്‍ പരാതി നല്കാന് വൈകരുത്. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിനെ സഹായിക്കും.
കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.
ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാന്‍ കഴിയുന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്ന പേരില്‍ www.cybercrime.gov.in നിലവിലുണ്ട്.