സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തെ ഒന്നടങ്കം ദുരിതത്തലാഴ്ത്തിയ പ്രളയത്തിന്റെ വെള്ളം ഇറങ്ങിയതോടെ വിവാദം കൊഴുപ്പിക്കാൻ “സൈബർ പോരാളികൾ’ കച്ചമുറുക്കി രംഗത്ത്. സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും സൈബർ പോരാളികളാണ് വിവാദങ്ങൾ കൊഴുപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ സജീവമായത്.
അമിതലാഭം ലക്ഷ്യമിട്ട് കെഎസ്ഇബിയും മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് സർക്കാരും വിളിച്ചു വരുത്തിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് കോൺഗ്രസിന്റെ സൈബർ പോരാളികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്.
അതേസമയം സർക്കാരിനുനേരെ നിരവധി ചോദ്യങ്ങൾ ഉയർത്തി കെ. സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിനെല്ലാം തടയിടാനാണ് സിപിഎമ്മിന്റെ സൈബർ പോരാളികൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയെ പ്രതിരോധത്തിലാക്കാൻ സിപിഎമ്മിന്റെ സൈബർ പോരാളികൾ ഒരുപടി മുന്നിൽ കയറുകയും ചെയ്തു.
ആർഎസ്എസ് മുഖമാസികയായ കേസരിയുടെ ഓൺലൈൻ പോർട്ടൽ ഹാക്ക് ചെയ്താണ് സിപിഎം സൈബർ പോരാളികൾ കുറച്ചുസമയത്തേക്കെങ്കിലും ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തിയത്. കേരളത്തിന് വിദേശ സഹായം അനുവദിക്കില്ലെന്ന കേന്ദ്രനിലപാടിനെതിരേ ആർഎസ്എസ് മുഖപ്രസംഗം എഴുതിയെന്ന് വരുത്തി തീർക്കാനാണ് സൈബർ പോരാളികൾ സൈറ്റ് ഹാക്ക് ചെയ്തത്. ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ കേസരിയുടെ ഓൺലൈൻ പേജിൽ മുഖപ്രസംഗമാണ് ഇവർ ഹാക്ക് ചെയ്ത് തിരുത്തിയത്.
ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നുപറഞ്ഞില്ലെങ്കിൽ അത് ആത്മവഞ്ചനയാകുമെന്ന് തുടങ്ങുന്ന ലേഖനമാണ് മുഖപ്രസംഗത്തിൽ സൈബർ പോരാളികൾ തിരുകികയറ്റിയത്. കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തുന്ന വ്യാജ മുഖപ്രസംഗത്തിൽ പിണറായി വിജയൻ കേന്ദ്രത്തോട് മാന്യമായ രീതിയിലാണ് ഇടപെട്ടതെന്നും പറയുന്നു.
വ്യാജ മുഖപ്രസംഗം നിമിഷങ്ങൾക്കകം വൈറലായെങ്കിലും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ ആർഎസ്എസിന് കഴിഞ്ഞു. എന്നാൽ വിഷയം പ്രചരിക്കാൻ തുടങ്ങിയ നിമിഷം കുറച്ചു സമയത്തേക്ക് ആർഎസ്എസ് വൃത്തങ്ങൾ അങ്കലാപ്പിലായിരുന്നു.
എന്ത് ചെയ്യണമെന്ന അവസ്ഥയിൽ കുറച്ചു സമയം നേതൃത്വം വലഞ്ഞെങ്കിലും സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് തിരിച്ചറിയുകയായിരുന്നു. ഹാക്ക് ചെയ്യപ്പെട്ട പേജിൽ ഉപയോഗിച്ച ശൈലി കേസരിയുടേതല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുമായിരുന്നെങ്കിലും ഇത്തരം നീക്കം ആർഎസ്എസ് പ്രതീക്ഷിച്ചിരുന്നില്ല.
പിന്നീട് പുറത്തിറങ്ങിയ മാസികയുടെ അച്ചടിച്ച മുഖപ്രസംഗം പ്രചരിപ്പിച്ചാണ് ആർഎസ്എസ് നേതൃത്വം ഇതിനെ നേരിട്ടത്. എന്നാൽ സൈബർ ലോകത്ത് ഇത്രയേറെ ശ്രദ്ധ ചെലുത്തുന്ന ബിജെപി,ആർഎസ്എസ് നേതൃത്വത്തിന്റെ മുഖമാസികയുടെ ഓൺലൈൻ സൈറ്റ് ഹാക്ക്ചെയ്യപ്പെട്ടതിന്റെ ഞട്ടലിൽ നിന്ന് നേതൃത്വം മുക്തമായിട്ടുമില്ല.
നേരത്തെ സിപിഎമ്മിനെതിരേ നിരവധി ആരോപണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഴിച്ചുവിട്ട ബിജെപി,ആർഎസ്എസ് നേതൃത്വം എന്നും സൈബർ പോരാട്ടത്തിൽ മുന്നിലായിരുന്നു.