കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുള്ള തട്ടിപ്പും ഇപ്പോൾ വ്യാപകമാണ്. വിശ്വാസ്യത കൂട്ടാൻ ഏതെങ്കിലും എന്‍ബിഎഫ്സിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമായി ഇവർ മൊബൈൽ നന്പറുകളിൽ ഉപയോഗിക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ കൃത്രിമമായി ഉണ്ടാക്കിയ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എന്‍ബിഎഫ്സി ഐഡി കാര്‍ഡും പങ്കിട്ടേക്കാം. വായ്പ തേടുന്നവര്‍ക്ക് അത്തരം സന്ദേശങ്ങള്‍ / എസ് എം എസ്/ഇ-മെയില്‍ അയച്ച ശേഷം വായ്പയുടെ സർവീസ് ചാർജായി പണം അടയ്ക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ പണം നൽകിയാൽ അതോടെ ഇവർ മുങ്ങും.
അതിനാൽ ഇത്തരം വായ്പാവാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ഉറവിടത്തിനു വിശ്വാസ്യതയുണ്ടോയെന്ന് ഉറപ്പുവരുത്താതെ അവരുമായി വ്യക്തിഗത/സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്. അയച്ച ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യരുത്. ഒടിപി ചോദിച്ചുള്ള തട്ടിപ്പുകളും സജീവമാണ്.
തൊഴില്‍ തട്ടിപ്പ്
തട്ടിപ്പുകാര്‍ വ്യാജ ജോലി അന്വേഷണ പോര്‍ട്ടലുകള്‍ ഉണ്ടാക്കും. ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഈ വെബ്സൈറ്റുകളില്‍ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ സുരക്ഷിത വിശദാംശങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ അപഹരിക്കും. തട്ടിപ്പുകാര്‍ പ്രശസ്ത കമ്പനിയുടെ ഉദ്യോഗസ്ഥരായി സ്വയം അവതരിപ്പിച്ച് വ്യാജ അഭിമുഖങ്ങള്‍ നടത്തിയ ശേഷം ജോലി വാഗ്ദാനവും ചെയ്യും. ശേഷം, ലാപ്ടോപ്പ്, രജിസ്ട്രേഷന്, നിര്‍ബന്ധിത പരിശീലന പരിപാടി മുതലായവയ്ക്കു പണമടയ്ക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രേരിപ്പിക്കും.
വിദേശ സ്ഥാപനങ്ങളുടേതുള്‍പ്പെടെ, ഏതു ജോലി വാഗ്ദാനവും സ്വീകരിക്കുന്നതിനു മുമ്പ് സ്ഥാപനത്തിന്റെയും അതിന്റെ പ്രതിനിധിയുടെയും വിലാസവും മറ്റു വിവരങ്ങളും സ്ഥിരീകരിക്കണം. ജോലി വാഗ്ദാനം ചെയ്യുന്ന ഒരു യഥാര്‍ഥ സ്ഥാപനം ഒരിക്കലും പണം ആവശ്യപ്പെടില്ലെന്ന് എപ്പോഴും ഓര്‍ക്കുക. അജ്ഞാതമായ ജോലി അന്വേഷണ പോര്‍ട്ടലുകളില്‍ പണമടയ്ക്കരുത്.
വ്യാജ വെബ്സൈറ്റുകള്‍
തത്ക്ഷണ, ഹ്രസ്വകാല വായ്പ വാഗ്ദാനം ചെയ്യുന്ന നിരവധി അനധികൃത വായ്പാ ആപ്പുകള്‍ ഇന്നുണ്ട്. ഈ ആപ്പുകള്‍ വായ്പയെടുക്കുന്നവരെ കബളിപ്പിക്കുകയും വൻ പലിശ ഈടാക്കുകയും ചെയ്യും. ആകർഷകമായ വാഗ്ദാനങ്ങളാവും ഇവർ ആദ്യം നൽകുക. വായ്പ എടുക്കുന്നതിനു മുമ്പ് വായ്പ നല്കുന്നവർ സര്‍ക്കാര്‍/അംഗീകൃത ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കുക. ക്രെഡിറ്റ് സ്കോറുകള്‍ പരിശോധിക്കുന്നതിനു പകരം വ്യക്തിഗത വിശദാംശങ്ങള്‍ അറിയാന്‍ കടം കൊടുക്കുന്നയാള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നെങ്കില്‍ ജാഗ്രത പാലിക്കുക. യഥാര്‍ഥ വായ്പാ ദാതാക്കള്‍ ഒരിക്കലും പണം ആവശ്യപ്പെടുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യില്ല.
(തുടരും)
സീമ മോഹന്‍ലാല്‍