ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധന. ഈ വർഷം മേയ് വരെ പ്രതിദിനം 7000 ത്തോളം പരാതികൾ രജിസ്റ്റർ ചെയ്തതായി സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സിഇഒ രാജേഷ് കുമാർ വെളിപ്പെടുത്തി.
തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ ഇതുവരെ രാജ്യത്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഈവർഷം ഇതുവരെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 740,957 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രേഡിംഗ് ആപ്പുകൾ, ലോണ്‍ ആപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയവയാണ് തട്ടിപ്പുകൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് 1203.06 കോടി രൂപയുടെ 4599 പരാതികളാണു ലഭിച്ചത്. കൂടാതെ ട്രേഡിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് 14,204 കോടി രൂപയുടെ 20,043 പരാതികളും ലഭിച്ചതായി രാജേഷ് കുമാർ പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട 1725 പരാതികളാണ് ഇതുവരെ ലഭിച്ചത്. 10,000 കേസുകളിൽ ഈ വർഷം ഇതുവരെ എഫ്ഐആർ ഇട്ടതായും സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ വ്യക്തമാക്കി. തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ നാലു മാസത്തിനുള്ളിൽ ഏകദേശം 325000 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
530,000 സിം കാർഡുകളും വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ 3401 സമൂഹമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കോൾ സ്പൂഫിംഗ് ഉപയോഗിച്ച് ഇന്ത്യൻ നന്പറിൽനിന്നാണ് തട്ടിപ്പുകാർ ഇരയാകുന്നവരുമായി ബന്ധപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിന് പൊതുജന ബോധവത്കരണം, മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ, കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ എന്നിവ അത്യാവശ്യമാണെന്ന് രാജേഷ് കുമാർ പറഞ്ഞു.
സ്വന്തം ലേഖകൻ