കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ മാതാപിതാക്കൾ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ എം.കെ.ഹരിപ്രസാദ്. നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് പള്ളിക്കുന്നിലെ ഗവ. സ്കൂൾ ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ച സിന്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം സ്വകാര്യ കാര്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലെ വിവരങ്ങൾ സ്വകാര്യമല്ല. അതിലെ സന്ദേശങ്ങളും കോളുകളും ഉൾപ്പെടെ ആറുമാസത്തേക്ക് റിക്കോർഡ് ചെയ്യപ്പെടും. അതുകൊണ്ട് സ്വകാര്യമെന്ന് നമ്മൾ കരുതുന്ന പലതും സ്വകാര്യമല്ലെന്ന തിരിച്ചറിവ് ഉപയോഗിക്കുന്പോൾ ഉണ്ടാകണം.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലുള്ള അജ്ഞതയാണ് പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. മൊബൈൽ ഫോൺ ഇപ്പോൾ ശരീരത്തിലെ ഒരു അവയവം പോലെയായി മാറി. രണ്ടു വിരലുകൾ മാത്രം ചലിപ്പിക്കുന്ന ജീവിയായി മനുഷ്യൻ മാറി.
മറ്റെല്ലാ ജീവികളും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്പോൾ അനുഭവങ്ങൾ ഉണ്ടായിട്ടും തിരിച്ചറിയുന്നില്ലെന്നതാണ് മനുഷ്യരുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ താലൂക്ക് തഹസിൽദാർ വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. കെ.ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു.