കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റേതാണ് നടപടി. വകുപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം നൽകിയ വിശദമായ വിശകലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം കണക്ഷനുകൾ റദ്ദാക്കിയത്.
വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 78.33 ലക്ഷം കണക്ഷനുകളും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 6.78 കണക്ഷനുകളും വിഛേദിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ കണക്ഷനുകൾ ഒഴിവാക്കുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് വകുപ്പ് പുതിയ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ടെലികോം കമ്പനികൾക്ക് വേണ്ടി ഉപഭോക്താക്കളെ എൻറോൾ ചെയ്ത് സിം കാർഡുകൾ നൽകുന്ന ഫ്രാഞ്ചൈസികൾ, വിതരണക്കാർ, ഏജന്റുുമാർ തുടങ്ങി എല്ലാ പോയിൻ്റ് ഒഫ് സെയിൽസ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷൻ നിയന്ത്രണങ്ങൾ ബാധകമാണ്. പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നത് സുരക്ഷിതവും സുതാര്യവും ആണെന്ന് ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടെലികോം വകുപ്പിന്റെ ഈ നടപടികൾ.
പുതിയ കണക്ഷനുകൾ എടുക്കുന്നവർക്ക് ബയോ മെട്രിക് വെരിഫിക്കേഷനും മേൽവിലാസ പരിശോധനയും നിർബന്ധമാണ്. ജമ്മു കാഷ്മീർ, അസം എന്നിവിടങ്ങളിൽ പോലീസ് റിപ്പോർട്ടുകൾ കൂടി ലഭിച്ചാലേ മൊബൈൽ കണക്ഷനുകൾ ലഭ്യമാകുകയുള്ളൂ. വ്യവസ്ഥകൾ ലംഘിച്ച് കണക്ഷനുകൾ നൽകിയാൽ ബന്ധപ്പെട്ട പിഒഎസുകളിൽ നിന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് പിഴ തുകയും ഈടാക്കും.
തെറ്റായ വിവരങ്ങളിലൂടെയും വഞ്ചനാ പ്രവർത്തനങ്ങൾ വഴിയും കണക്ഷനുകൾ നൽകുന്ന പോയിൻ്റ് ഒഫ് സെയിൽസ് കേന്ദ്രങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരം പിഒഎസ് കേന്ദ്രങ്ങൾ വഴി കണക്ഷൻ എടുത്തവർ വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പിക്കലിന് വിധേയമാകേണ്ടിയും വരും.
2025 ജനുവരി 31-ന് ശേഷം കൃത്യമായ വിവരങ്ങൾ ഇല്ലാതെ ഉപഭോക്താക്കളെ എൻറോൾ ചെയ്യുന്നത് പരിശോധനയിൽ പിടികൂടിയാൽ അവയ്ക്ക് ഓരോന്നിനും ബന്ധപ്പെട്ടവരിൽ നിന്ന് 10 ലക്ഷം രൂപ വീതം പിഴ ചുമത്തും.ബൾക്ക് കണക്ഷൻ, സ്ഥാപനങ്ങളിലെ ബിസിനസ് കണക്ഷൻ എന്നിവ വഴി മൊബൈൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ഇനി മുതൽ വ്യക്തിഗത കെവൈസി സ്ഥിരീകരണം നിർബന്ധമാണ്.
- എസ്.ആർ. സുധീർ കുമാർ