കോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായുള്ള സൈബര്‍ഡോം കോഴിക്കോട് ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാല്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സൈബര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചുള്ള സൈബര്‍ഡോമിന്റെ എല്ലാ ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും വഴിയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൈബര്‍ഡോം കോഴിക്കോട് ആരംഭിക്കുന്നത്.
പോലീസുകാര്‍ക്കു പുറമേ സൈബര്‍ രംഗത്ത് വിദഗ്ധരായുള്ളവരുടെ സേവനമുള്പ്പെടുത്തികൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പോലീസിലെ സൈബര്‍ വിദഗ്ധര്‍ക്കു പുറമേ 140 പേരുടെ സേവനവും സൈബര്‍ഡോമില്‍ ഉപയോഗപ്പെടുത്തും.
ഓണ്‍ലൈന്‍ പെണ്‍വാണിഭം മുതല്‍ അപകീര്‍ത്തിപെടുത്തല്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സൈബര്‍ ഡോമിലൂടെ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. രാജ്യസുരക്ഷയ്ക്കും മറ്റും സൈബര്‍ ഭീഷണിയുണ്ടായാല്‍ സഹായവും മാര്‍ഗനിര്‍ദേശം സൈബര്‍ ഡോമില്‍ നിന്ന് ലഭിക്കും. കൂടാതെ ഹാക്കിംഗും മറ്റും തടയാനും സൈബര്‍ ഡോം വഴി സാധിക്കും.
കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ സംഘങ്ങളെ കണ്ടെത്താനും സൈബര്‍ വിദഗ്ധര്വഴി സാധിക്കും. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ കൊച്ചി സൈബര്‍ഡോം വിദഗ്ധര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഇതോടെ 137 ഗ്രൂപ്പുകളാണ് സൈബര്‍ഡോം ഇടപെട്ട് നിര്‍ത്തിലാക്കിയത്. കോഴിക്കോട് കൂടി സൈബര്‍ഡോം ആരംഭിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും. നേരത്തെ സൈബര്‍ പോലീസ് സ്റ്റേഷന് കോഴിക്കോട് ആരംഭിച്ചിരുന്നു. ഉത്തരമേഖലയിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷനായിരുന്നു കഴിഞ്ഞ വര്‍ഷം കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കാര്യക്ഷമമാക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായാണ് കോഴിക്കോട് സൈബര്‍ പോലീസ് സ്റ്റേഷന് ആരംഭിച്ചത്. സൈബര്‍ തീവ്രവാദം, വെബ്സൈറ്റ് ഹാക്കിംഗ്, ബാങ്ക് അക്കൗണ്ടും ഇ.മെയില്‍ ഐഡി ഹാക്കിംഗ്, കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫിംഗ് ചെയ്ത് പരസ്യപ്പെടുത്തല്‍, സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കേസുകളാണ് സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷിക്കുന്നത്. സൈബര്‍ ഡോം കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.