പ്രണയത്തിന്റെ പേരില്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിദേശ രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും മാട്രിമോണിയില്‍ ആപ്ലിക്കേഷനുകളിലും സോഷല്‍ മീഡിയ വഴിയുമാണ് ഇരകളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ പറഞ്ഞു.
ഇരകളുമായി അടുത്ത ബന്ധം സ്ഥാപിച്ചശേഷം അന്താരാഷ്ട്ര പാഴ്സലുകള്‍ വഴി വിലയേറിയ സമ്മാനം അയയ്ക്കാമെന്ന് വാഗ്ദാനം നല്കുന്നു. അതിനുശേഷം, പാഴ്സല്‍ അയച്ചെന്നും അതു ലഭിക്കുന്നതിനു പാഴ്സല്‍ ഫീസ് ആവശ്യമാണെന്നും ഇരയെ അറിയിക്കും. തുടര്‍ന്ന് കസ്റ്റംസ് ഫീസിനുവേണ്ടി വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇരയെ ബന്ധപ്പെടും. ഒരു നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് പണമയക്കാന്‍ ഇരയോട് ആവശ്യപ്പെടും.
പണമയച്ചുകഴിഞ്ഞാല്‍ സമ്മാനം ഒരിക്കലും ഇരകള്‍ക്കു ലഭിക്കില്ല. തട്ടിപ്പുകാരന് രംഗത്തുനിന്നു പിന്മാറും. അഡ്വാന്‍സ്ഡ് പേമെന്റ് ആവശ്യമുള്ള എല്ലാ സമ്മാന വാഗ്ദാനങ്ങളും തട്ടിപ്പാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഓണ്‍ലൈനില്‍ പ്രത്യേകിച്ച് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും പരിചയമില്ലാത്ത വ്യക്തികളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണം.
കോഴിക്കോട്ട് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വിവിധ സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങി 28 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതില്നാലുകോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്. 171 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ വിവരങ്ങള്‍ നല്കി വേഗത്തില്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പോലീസ് അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രധാനമായും പണം ആവശ്യമുള്ള താഴ്ന്ന വരുമാനക്കാരെയാണു ലക്ഷ്യമിടുന്നത്.
വായ്പ ലഭിക്കുന്നതിനു വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും മൊബൈല്‍ ഫോണിന്റെ പ്രധാനപ്പെട്ട പെര്‍മിഷനും ആവശ്യപ്പെടും. ഈ ആപ്പുകളില്‍ പലതും അമിത പലിശ നിരക്കുകളോ മറ്റു ഫീസുകളോ ഈടാക്കുന്നതാണ്. വായ്പയെടുത്താല്‍ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ നമ്മളില്‍ നിന്ന് കൈക്കലാക്കിയ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തലും ഭീഷണിയും നടത്തും. തട്ടിപ്പുകാര്‍ മോശം ഭാഷയും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുക.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിന്നു മാത്രമേ വായ്പ എടുക്കാവു. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ തുടങ്ങിയ അംഗീകൃത സ്റ്റോറുകളില്‍നിന്നു മാത്രമേ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും ഷയര്‍ ചെയ്യരുത്.