തൃശൂർ: പണി റീചാർജ് രൂപത്തിലും കിട്ടാം. അതുകൊണ്ട് ജാഗ്രതയോടെയിരിക്കുക. ഒരു വർഷത്തേക്കുള്ള 2999 രൂപയുടെ മൊബൈൽ റീചാർജ് വെറും 399 രൂപയ്ക്കെന്നുകണ്ട് പിറകേ പോയാൽ പണികിട്ടുമെന്നാണു തൃശൂർ സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. ഏതോ തട്ടിപ്പു ലിങ്കിലേക്കാണു ചെന്നെത്തുക. എക്കാലത്തെയും ഏറ്റവും വലിയ തട്ടിപ്പെന്ന നിലയിലാണു പോലീസ് ഇതിനെ കാണുന്നത്.
സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ പുതിയ തട്ടിപ്പുകളുമായി സൈബർ സംഘങ്ങൾ ഇറങ്ങുന്നത്. ഫോണ്‍ റീചാർജിന്റെ തുക കുത്തനെ ഉയർന്നതിനാലും ജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ വീഴാൻ സാധ്യതയുണ്ട്.
തട്ടിപ്പിനിരയായാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലായ http://www.cyber crime. gov.in റിപ്പോർട്ട് ചെയ്യണമെന്നു പോലീസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ്ലൈൻ നന്പറിൽ ബന്ധപ്പെടണം.
പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരമായി നൽകുന്ന സുരക്ഷാനിർദേശങ്ങളെ അവഗണിക്കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
ഒടിപി, സാന്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക, അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. അപരിചിതരുടെ വീഡിയോ കോളുകളോടു പ്രതികരിക്കാതിരിക്കുക എന്നീ നിർദേശങ്ങളും പോലീസ് പങ്കുവയ്ക്കുന്നുണ്ട്.