കണ്ണൂർ: ജില്ലയിൽ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങൾ നഷ്ടമായി. ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിയുടെ 32,05,000 രൂപയാണ് നഷ്ടമായത്.
പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി പണം അയച്ച് നൽകുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടമായത്.
ഇന്ത്യാ മാർട്ട് പ്ലാട്ഫോംമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചയാൾക്ക് നഷ്ടമായത് 1,43,000 രൂപയാണ്. ഏതോ ഒരാൾ പച്ചക്കറി വ്യാപാരി എന്ന നിലയിൽ അപേക്ഷകനുമായി ബന്ധപ്പെട്ട് യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് സാധനം ഓർഡർ ചെയ്യിപ്പിക്കുകയായിരുന്നു. 1, 43,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിക്കുകയോ അവർ ഓരോ ആവശ്യങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായത് മനസിലായത്. എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ പരിധി വർധിപ്പിക്കുന്നതിനായി കാർഡ് വിശദാംശങ്ങളും ഒടിപിയും നൽകിയ ന്യൂമാഹി സ്വദേശിക്ക് 89,142 രൂപ നഷ്ടമായി. ജില്ലയിൽ സൈബർ തട്ടിപ്പുകൾ വർധിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പോലീസ് പറഞ്ഞു.