കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്. സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈൽ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി ഉപയോഗിച്ചു വന്ന 29,020 അക്കൗണ്ടുകൾ നിർജീവമാക്കുകയും ചെയ്തിട്ടുണ്ട്.
ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽപ്പെട്ടതും സൈബർ പട്രോളിംഗിലൂടെ തട്ടിപ്പിനുപയോഗിച്ചുവെന്നു കണ്ടെത്തിയതുമായ 18,200 വെബ്സൈറ്റുകളും 537 അനധികൃത ഓണ്‍ലൈൻ ലോണ്‍ ആപുകളും 9,067 സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൈബർ പോലീസ് നിർജീവമാക്കിയിട്ടുണ്ട്.
ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ മാത്രം 355 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ക്രിപ്റ്റോ കറൻസി വഴി തട്ടിപ്പു തുക കൈമാറ്റം ചൈയ്യുന്നത് അന്വേഷിക്കാൻ കൊച്ചി സൈബർ ഡോം ആസ്ഥാനമായി ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റിഗേഷൻ സെന്റർ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ സൈബർ വാൾ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തിനു പരിശീലനം നൽകും. സന്ദേശങ്ങൾ, യുആർഎൽ, ഇമെയിൽ, സോഷ്യൽ മീഡിയ വിവരങ്ങൾ എന്നിവ വ്യാജമാണോ എന്നു പരിശോധിച്ചു പൊതുജനങ്ങളെ സൈബർ തട്ടിപ്പിൽനിന്നു സംരക്ഷിക്കുന്നതിനാണ് ആർട്ടിഫിഷൽ ഇന്റലിജന്റ്സ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സൈബർ വാൾ പ്രോജക്ട് വികസിപ്പിക്കുന്നത്.
സൈബർ സാങ്കേതിക മേഖലയിലെ പുതിയ അറിവുകൾ പകർന്നു നൽകുന്നതിനായി പ്രവർത്തിക്കുന്ന ട്രെയിനിംഗ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് വിഭാഗത്തിനു കീഴിലുള്ള 4,697 പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വച്ച്, ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് കേരള പോലീസാണ്.
വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലുണ്ടായ 31 ഡാറ്റാ ബ്രീച്ചുകൾ ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ വഴി കണ്ടെത്തി മുന്നറിയിപ്പു നൽകാൻ കേരള പോലീസിനു കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഓണ്‍ലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ നടത്തിയതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കേരള പോലീസിന്റെ സൈബർ ഡിവിഷനെ തേടിയെത്തിയിരുന്നു.