സ്വന്തം ലേഖകൻ
തൃശൂർ: ഒരു കംപ്യൂട്ടറോ മൊബൈലോ കിട്ടിയാൽ അതുവഴി ലോകജാലകങ്ങൾ തുറന്ന് കുരുന്നുകളെ വരെ ചൂഷണത്തിനും പീഡനത്തിനും ഇരയാക്കുന്ന കുറ്റവാളികളെ കുടുക്കാൻ പോലീസ്. അവരുടെ സൈബർ പാതയിലൂടെയുള്ള ഓരോ നീക്കവും നിരീക്ഷിക്കാൻ കേരള പോലീസിന്റെ സ്പെഷൽ ടീമുണ്ട്. ആ സ്പെഷൽ ടീം നടത്തുന്ന സൈബർ പട്രോളിംഗുണ്ട്. ഡിജിറ്റൽ യുഗത്തിൽ സൈബർ പട്രോളിംഗുമായി കേരള പോലീസ് രംഗത്തെത്തിക്കഴിഞ്ഞു.
കുട്ടികൾക്കെതിരേ നടക്കുന്ന ഓണ്‍ലൈൻ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പോലീസിലെ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. അവരാണ് സൈബർ പട്രോളിംഗ് നടത്തുക. കേരള പോലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ എന്ന പേരിലാണ് പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നൽകിയിരിക്കുന്നത്.
ഓണ്‍ലൈൻ വഴി കുട്ടികൾക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബർ പട്രോളിംഗ് നടത്തുക, അത്തരത്തിലുള്ള ചൂഷണങ്ങൾ തടയുക, സൈബർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരേ നിയമനടപടികൾ കൈക്കൊള്ളുക എന്നിവയാണ് ഈ പ്രത്യേക സംഘത്തിന്റെ ചുമതലകൾ.
മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണങ്ങളെപ്പറ്റി അറിയിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുകയെന്നതും സംഘത്തിന്റെ ഉത്തരവാദിത്വത്തിൽ പെടും.തിരുവനന്തപുരം റേഞ്ച് ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്പെഷൽ ടീമിന്റെ പൂർണ ചുമതല.
കേരള പോലീസ് ചൈൽഡ് പ്രൊട്ടക്ഷൻ നോഡൽ ഓഫീസറായ ക്രൈം ബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ പ്രവർത്തനം. മലപ്പുറം ജില്ല പോലീസ് മേധാവി പ്രദീഷ് കുമാർ, റെയിൽവേ പോലീസ് സൂപ്രണ്ട് മെറിൻ ജോസഫ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, പോലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിൻസിപ്പാൾ എ.വി.സുനിൽകുമാർ എന്നിവരടക്കം 13 പേർ സംഘത്തിലുണ്ടാകും.