ഹൈബി ഈഡനെയും ഭാര്യയെയും അപമാനിച്ച് സൈബര്‍ സഖാക്കള്‍, സോഷ്യല്‍മീഡിയയിലെ അതിരുകടന്ന പരിഹാസം പാര്‍ട്ടിക്കു തന്നെ തിരിച്ചടിയാകുന്നു

hybi സോഷ്യല്‍മീഡിയയിലെ ഇടപെടലില്‍ മറ്റു പാര്‍ട്ടിക്കാരേക്കാള്‍ ആധിപത്യം സിപിഎം പ്രവര്‍ത്തകര്‍ക്കുണ്ട്. സൈബര്‍ രംഗത്ത് എതിരാളികളെ വിമര്‍ശിക്കാനും കളിയാക്കാനും പ്രത്യേക ഗ്രൂപ്പുകള്‍ തന്നെ സിപിഎമ്മിനുണ്ട്. സോളാര്‍ വിവാദവും ബാര്‍ കോഴയുമെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാക്കി നിലനിര്‍ത്തിയത് സൈബര്‍ സഖാക്കളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം ഹൈബി ഈഡന്‍ എംഎല്‍എയ്ക്കും ഭാര്യ അന്നയ്ക്കുമെതിരേ അശ്ലീല പോസ്റ്റ് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ചെങ്കൊടിയുടെ കാവല്‍ക്കാര്‍’ എന്ന പേജില്‍ നിന്നാണ് ഈ ചിത്രം സഹിതമുള്ള ട്രോള്‍ പ്രത്യക്ഷപ്പെട്ടത്. (പ്രസിദ്ധീകരിക്കാന്‍ യോഗ്യമല്ലാത്തതിനാല്‍ ട്രോളിലെ വാചകം ഇവിടെ നല്കുന്നില്ല) ഈ ട്രോളിനെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

സമരം അവസാനിപ്പിച്ച് ഹൈബി ഈഡന്‍ വരുമ്പോള്‍ ഭാര്യ അന്നയും ഉണ്ടായിരുന്നു കൂടെ. കെ.എം. ഷാജി എംഎല്‍എയും സമീപത്തുണ്ടായിരുന്നു. ഇതുമായി ചേര്‍ത്തായിരുന്നു അശ്ലീല സ്വഭാവത്തോടെ ട്രോളുണ്ടാക്കിയത്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വിമര്‍ശനവും ഉയര്‍ന്നുതുടങ്ങി. ചില ഇടതു ബുദ്ധിജീവികളും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. സിപിഎം നേതാവായ മുഹമ്മദ് റിയാസും ഈ ട്രോളിനെ വിമര്‍ശിച്ചു രംഗത്തെത്തിയതോടെ പാര്‍ട്ടി സൈബര്‍ സഖാക്കള്‍ പ്രതിരോധത്തിലായി.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സമര രീതിയോട് വിയോജിപ്പ് നിലനിര്‍ത്തി കൊണ്ട് തന്നെ, സമരത്തെ പരിഹസിച്ചു കൊണ്ടുള്ള ചില ട്രോളുകള്‍ അതിരുവിടുന്നതിനോട് ശക്തമായ അഭിപ്രായവിത്യാസം രേഖപ്പെടുത്തുന്നു. ജനാധിപത്യ സമൂഹത്തില്‍ ട്രോളുകള്‍ ഒരു പരിധിവരെ കുഴപ്പമുള്ളതല്ല, എന്നാല്‍ പരിഹാസത്തിനു അതിരുകള്‍ ഉണ്ടെന്നതു മറന്നു കൂടാ. ഷാഫിയും, ഹൈബിയും, നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോയില്‍ യുഡിഎഫിലെ മറ്റൊരു എംഎല്‍എയുമായി ചേര്‍ത്തു കൊണ്ടുള്ള ട്രോള്‍ പരിഹാസമെന്നല്ല, അസംബന്ധം എന്നേ പറയാനാകൂ.

Related posts