കോഴിക്കോട്: സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്ന് നാലുകോടി കൈക്കലാക്കിയ സംഭവത്തില്‍ പിടികിട്ടാന്‍ ബാക്കിയുള്ള രണ്ടുപേര്‍ക്കായി കോഴിക്കോട് സൈബര്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെ കൂടിയാണ് ഇനി പിടികിട്ടാനുള്ളത്.
നാലുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതിൽ മുഖ്യപ്രതികളായ സുനില്‍ ദംഗി, ശീതള്‍ കുമാര്‍ മേഹ്ത്ത എന്നിവരെ രാജസ്ഥാനില്‍ വച്ച് ഒക്ടോബറിലാണ് സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.മധ്യപ്രദേശിലെ അലോട്ടില്‍ വച്ച് രണ്ടു കൂട്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി.
ഇവരില്‍നിന്ന് 1.60 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ അലോട്ട് സ്വദേശിയായ ഷാഹിദ് ഖാന് (52), ഉജ്ജയിന്‍ സ്വദേശിയായ ദിനേഷ് കുമാര്‍ ഫുല്‍വാനി (48) എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് സ്വദേശിയില്‍ നിന്ന് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4,08,80,457 രൂപയാണ് സംഘം തട്ടിയെടുത്തിരുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും ബന്ധപ്പെട്ടാണ് കോഴിക്കോട് സ്വദേശിയെ വലയില്‍ വീഴ്ത്തിയത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലായതിനാല്‍ സഹായം അഭ്യര്‍ഥിച്ചായിരുന്നു മുഖ്യപ്രതി കോഴിക്കോട് സ്വദേശിയെ സമീപിച്ചത്.
വിവിധങ്ങളായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും അയച്ച് പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്ത് പണം കൈവശപ്പെടുത്തുകയായിരുന്നു. ഘട്ടംഘട്ടമായാണ് നാലുകോടി തട്ടിയെടുത്തത്.