ന്യൂഡൽഹി: നൈനിറ്റാൾ ബാങ്കിന്റെ നോയിഡ ശാഖയിലെ സെർവറുകൾ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ കവർന്നതായി പരാതി. 89 വ്യത്യസ്ത അക്കൗണ്ടുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്താണു തട്ടിപ്പു നടത്തിയത്.
സംഭവത്തിൽ ബാങ്കിന്റെ ഐടി മാനേജർ സുമിത് കുമാർ ശ്രീവാസ്തവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 16 നും ജൂൺ 20 നും ഇടയിലാണു കവർച്ച നടന്നത്.
ജൂൺ 17ന്, സാധാരണ ഓഡിറ്റിംഗിൽ ബാലൻസ് ഷീറ്റിൽ പണം കുറവുണ്ടെന്നു കണ്ടെത്തിയെന്നും ദിവസങ്ങളോളം ബാലൻസ് ഷീറ്റുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോഴാണു തട്ടിപ്പു പുറത്തായതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസിപി സൈബർ ക്രൈം വിവേക് രഞ്ജൻ റായ് അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും അദ്ദേഹം കണ്ടെത്തി.