വി.ആർ. ഹരിപ്രസാദ്
ദിവസങ്ങൾക്കുമുന്പ് കേരളത്തിൽനിന്നുള്ള ഒരു പ്രമുഖ അന്തർദേശീയ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ പേരിലുള്ള ഒരു വാട്ട്സ്ആപ്പ് മെസേജ് വന്നു. ഏറെ പരിചിതമായ ലോഗോ വച്ച്, അവരുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു എന്നാണ് സന്ദേശം.
അതിൽ എല്ലാവരെയും ആകർഷിക്കുന്ന ഒരു ഓഫറും- 2000 ഫ്രീ ഗിഫ്റ്റുകൾ!! തൊട്ടുതാഴെ ഒരു ലിങ്കും. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, മുകളിൽ ഹൈപ്പർമാർക്കറ്റിന്റെ വെബ് വിലാസം ആണെങ്കിലും താഴെ ആക്ടീവ് ആയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരിടത്തേക്കാണ്.
ഫ്രീ എന്നു കണ്ടാൽ മലയാളികൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഇടിച്ചുകയറിയിരിക്കും. പിന്നെ വാട്ട്സ്ആപ്പ് സംസ്കാരം ജീവിതത്തിന്റെ ഭാഗമായതോടെ മറ്റൊരു സ്വഭാവവും- ഷെയർ ചെയ്യൽ. എന്തെങ്കിലും പങ്കുവയ്ക്കുക എന്നത് അത്ര സുഖമല്ലാത്ത കാര്യമാണെങ്കിലും ഈ ഷെയറിംഗിന് കാശുചെലവില്ലല്ലോ.
മെസേജ് കിട്ടിയവർ നേരെ മറ്റു ഗ്രൂപ്പുകളിലേക്കു തട്ടി. പറ്റിക്കലായേക്കാം എന്ന സാമാന്യം വിവരമുള്ളവർപോലും ഈ ഷെയർ ചെയ്യലിൽ കണ്ണികളായി. കുറേപ്പേരെങ്കിലും ഫ്രീ ഗിഫ്റ്റ് പ്രതീക്ഷിച്ച് ആ ലിങ്കിൽ ക്ലിക്കും ചെയ്തിരിക്കാം.ഇതുകൊണ്ട് എന്താണ് കുഴപ്പം? ഗിഫ്റ്റ് ഒന്നും കിട്ടില്ല എന്നത് അവിടെ നിൽക്കട്ടെ.
ലിങ്കിലൂടെ ചെല്ലുന്ന പേജിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ കൊടുത്ത് രജിസ്റ്റർ ചെയ്യണം. ഈ പറ്റിക്കൽ മെസേജ് 20 പേർക്ക് (അല്ലെങ്കിൽ അഞ്ചു ഗ്രൂപ്പുകളിലേക്ക്) ഫോർവേഡും ചെയ്യണം. വിവരങ്ങൾ കൊടുത്താൽ നിങ്ങൾ ആരായി?ലിങ്കിൽ പ്രവേശിക്കുന്നതോടെ നിമിഷനേരംകൊണ്ട് നിങ്ങളുടെ ഫോണുകളിൽ തട്ടിപ്പ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഒന്നും ഡൗണ്ലോഡ് ചെയ്യേണ്ട കാര്യംപോലും ഇല്ലെന്നു സാരം.
ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കപ്പെടാൻ സാധ്യതയില്ലാത്തവിധം ഫോണിൽ മറഞ്ഞിരിക്കുന്ന കുഴപ്പക്കാരൻ ആപ്പ് ഫോണിലുള്ള വിവരങ്ങൾ നിസാരമായി ചോർത്തിയെടുക്കും. എന്തു വിവരം എന്നു ചോദിക്കാം. എന്തും എന്നാണ് ഉത്തരം. ഫോട്ടോകളും വീഡിയോകളും ആവശ്യക്കാരുടെ കൈകളിലെത്തും.
മെസേജുകളും ചോർത്തും. അതു നിസാരമൊരു പ്രണയസന്ദേശമോ കനപ്പെട്ട മറ്റെന്തെങ്കിലും രേഖകൾ അടങ്ങുന്നവയോ ആകാം. ഇനി, നിങ്ങളുടെ ഓണ്ലൈൻ ബാങ്കിംഗ് പാസ്വേഡും ചോരും. അതുമാത്രം കിട്ടിയാൽ പോരല്ലോ, ഫോണിൽ വരുന്ന ഒടിപി ഉണ്ടായാൽ അല്ലേ കാശിൽ തൊടാനാകൂ എന്നു ധൈര്യപ്പെടേണ്ട, അതും ചോർത്തും!
എന്തായാലും തങ്ങൾ ഇത്തരമൊരു പ്രമോഷണൽ പരിപാടി തങ്ങൾ നടത്തുന്നില്ലെന്ന് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് പ്രതികരിച്ചു. ഇതുപോലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകരുതെന്നും അവർ അറിയിച്ചു.തട്ടിപ്പുകളിലൂടെ പണം മാത്രമല്ല പോകുന്നത്, മാനവും പോകും. ചാരപ്പണിയിലൂടെ ബന്ധങ്ങളും മുറിയും.
അതേക്കുറിച്ചു നാളെ.
കോംപ്രമൈസ് കാലം
വിട്ടുവീഴ്ചകളില്ലാതെ ഡിജിറ്റൽ ലോകത്ത് ജീവിക്കാൻവയ്യെന്ന സ്ഥിതിയായി എന്നുപറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. തട്ടിപ്പിനു കെണിയൊരുക്കി കാത്തിരിക്കുന്നവർക്കിടയിൽ നമ്മൾ വിവരക്കേടുകൂടി കാണിച്ചാലോ? ഐടി വിദഗ്ധൻ ശ്യാംലാൽ ടി. പുഷ്പൻ പറയുന്നതു കേൾക്കാം:
ഫോണുകളിൽനിന്ന് യാതൊരു വിവരവും വെറുതെ ചോർന്നുപോകില്ല. എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതും അതേസമയം അറിയാൻ എളുപ്പമല്ലാത്തതുമായ ഒട്ടേറെ മാർഗങ്ങളുണ്ട് തട്ടിപ്പുകാർക്ക്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായവർ, കബളിപ്പിക്കപ്പെടുന്നവർ അതിനു തൊട്ടുമുന്പ് എന്തു ചെയ്തു എന്നു പൊതുവേ പുറത്തുപറയാറില്ല.
അതായത് കോംപ്രമൈസിംഗ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നതാണ് കാര്യം. വിവരങ്ങൾ ചോർത്താനുള്ള ആപ്പുകൾ ഫോണിൽ കയറിക്കൂടുന്നത് അവർ അറിയണമെന്നില്ല.മറ്റൊരുതരം തട്ടിപ്പുണ്ട്. അതു നമ്മൾ നേരിട്ടു കള്ളന്മാർക്ക് കാശുകൊടുക്കുന്നതുപോലെയാണ്.
പലരും പറയുന്നതു കേൾക്കാം ഗൂഗിൾ പേ നന്പർ മാത്രം ചോദിച്ചു, പിന്നെ നോക്കുന്പോൾ അക്കൗണ്ടിൽനിന്നു കാശുപോയി. അല്ലെങ്കിൽ അക്കൗണ്ട് നന്പർ ചോദിച്ചു, കാശു പോയി എന്നൊക്കെ. അങ്ങനെ പോകില്ല. അതിനുള്ള വഴി നമ്മൾ അറിഞ്ഞോ അറിയാതെയോ ഫോണിലൂടെ തുറന്നുകൊടുത്തിട്ടുണ്ടാകും. പഴി കേൾക്കുന്നതു ഗൂഗിളും ആമസോണുമൊക്കെ ആകുമെന്നുമാത്രം.
ഉദാഹരണത്തിന് വന്പൻ ഡിസ്കൗണ്ടിൽ ടാബ്ലറ്റ് കംപ്യൂട്ടർ നൽകുന്നു എന്ന മെസേജ് ഫ്ളിപ്കാർട്ട് പോലുള്ള ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ വാട്ട്സ്ആപ്പിലൂടെ ലഭിക്കുന്നു എന്നു കരുതുക. മുപ്പതിനായിരം രൂപ വിലയുള്ള ടാബ് പതിമൂവായിരം രൂപയ്ക്ക് ഓഫർ എന്നാകും സന്ദേശം. പണമടയ്ക്കാനുള്ള ലിങ്ക് തൊട്ടുതാഴെയായി കാണാം. ഡിസ്കൗണ്ട് ഓഫർ കാണുന്പോൾ നമ്മൾ ചാടിവീഴും. പതിമൂവായിരം ഉടനെ ട്രാൻസ്ഫർ ചെയ്യും.
ഭംഗിയായി പൊതിഞ്ഞ പായ്ക്കറ്റ് കൊറിയറിൽ വരുന്നത് തുറന്നുനോക്കുന്പോഴാണ് ഇഷ്ടികയും അറക്കപ്പൊടിയും കാണുക. ഇതിന് ഫ്ളിപ്കാർട്ടിനേയോ കൊറിയർ കൊണ്ടുവന്ന ഡെലിവറി ബോയിയെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അവർ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല.
നിങ്ങൾ അടച്ച പണം പോയത് യഥാർഥ ഓണ്ലൈൻ ഷോപ്പിംഗ് സൈറ്റിലേക്ക് അല്ല. അതേപോലെ തോന്നുന്ന വ്യാജ സൈറ്റിലേക്കാണ്. അതായത് തട്ടിപ്പുകാരുടെ കീശയിലേക്കാണ്. ഇത്തരം തട്ടിപ്പുകളിൽ തലവയ്ക്കാതിരിക്കാൻ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുകമാത്രമാണ് പോംവഴി.
ഡാറ്റയെന്ന ചൂടപ്പം
ഡിജിറ്റൽ ലോകത്ത് ഏറ്റവും വിലയുള്ള സംഗതിയാണ് ഡാറ്റ. ഇമെയിൽ വിലാസങ്ങൾ, കോണ്ടാക്ട് നന്പറുകൾ തുടങ്ങി മറ്റു വ്യക്തിവിവരങ്ങൾ വരെ ഈ ഗണത്തിൽ പെടും. ഇവ ശേഖരിച്ചു വിൽക്കുക എന്നത് വലിയ വരുമാനമുണ്ടാക്കാവുന്ന ഇടപാടുമാണ്.
നറുക്കെടുപ്പുകളുടെയും മറ്റും പേരിൽ മൊബൈൽ നന്പറുകൾ ശേഖരിച്ച് കബളിപ്പിക്കുന്നത് സിനിമകളിൽ കണ്ടിരിക്കും. ഇത്തരംവിവരങ്ങൾ ഫോണിൽനിന്ന് നേരിട്ടു തട്ടുന്ന ബോൾട്ട് വെയറുകൾ ധാരാളം. ചില ബ്രാൻഡുകൾ ഇവ മുൻകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷമാണ് വിപണിയിലെത്തുന്നത്.
ഫോണ് ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്പ് കന്പനി ഇത്തരത്തിൽ നേരിട്ടുനൽകുന്ന ഫങ്ഷണാലിറ്റീസ് എടുത്തുകളയുക മാത്രമാണ് വഴി. എന്നാൽ ഇങ്ങനെ പ്രീ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ സാധാരണക്കാർക്ക് എടുത്തുകളയാൻ എളുപ്പമല്ല.
വിശ്വസ്തതയുള്ള ആപ്പുകൾ മാത്രം ഉപയോഗിക്കുക.
സ്പൈ ആപ്പുകൾ സാധാരണയായി കാണാറില്ലെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ കാണുന്നതെല്ലാം സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയും വേണ്ട. അത്യാവശ്യമുള്ളതു മാത്രം ഇൻസ്റ്റാൾ ചെയ്യുക. സൂക്ഷിച്ചുപയോഗിക്കുക.