വി.ആർ. ഹരിപ്രസാദ്
കല്യാണം കഴിക്കാൻ പോകുന്ന പെണ്കുട്ടിയോട്, അല്ലെങ്കിൽ കാമുകിയോട് സ്വന്തന്ത്രമായി സംസാരിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. വീട്ടുകാർ കാണാതെ, സംശയം തോന്നാതെ ലാൻഡ് ഫോണിനടുത്തു ചുറ്റിത്തിരിഞ്ഞ കാലം മാറിയതോടെ അതിനു പുതിയ വഴികൾ തെളിഞ്ഞു.
കല്യാണനിശ്ചയത്തിന് പട്ടുസാരിയും വളയും പെണ്കുട്ടിക്കു നൽകുന്നതിനൊപ്പം പ്രതിശ്രുത വരൻ സ്മാർട്ട്ഫോണ് സമ്മാനിക്കുന്നത് ഒരു ചടങ്ങിനു തുല്യമായിക്കഴിഞ്ഞു. ഒരു ശല്യവുമില്ലാതെ സംസാരിക്കാം, ചാറ്റ് ചെയ്യാം, വീഡിയോ കോൾ ചെയ്യാം. മൊത്തത്തിൽ സംഗതി ഉപകാരപ്രദമാണ്.
കല്യാണം കഴിക്കാൻ പോകുന്നവർതന്നെ ആവണമെന്നു നിർബന്ധമില്ല, കാമുകീകാമുകന്മാരും ഇങ്ങനെ ഫോണ് സമ്മാനിക്കൽ പതിവുണ്ട്.ഇവിടംവരെ കാര്യങ്ങൾ പെർഫെക്ട് ഓക്കേയാണ്. ഇനിയാണ് ഈ സമ്മാനത്തിനു പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മൂർഖൻ പാന്പ് പത്തിവിടർത്തുന്നത്.
വെറുതെ ഒരു സ്മാർട്ട്ഫോണ് വാങ്ങിനൽകുകയല്ല വികൃതമനസുള്ള ചില പ്രതിശ്രുത വരന്മാർ, അല്ലെങ്കിൽ കാമുകന്മാർ ചെയ്യുന്നത്. ഫോണ് സമ്മാനിക്കുന്നതിനു മുന്പ് അതിൽ ഒരു രഹസ്യ മോണിറ്ററിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കും. ആ മൊബൈലിൽ നടക്കുന്ന എല്ലാ ആക്ടിവിറ്റികളും തത്സമയം ട്രാക്ക് ചെയ്യാൻ ശേഷിയുള്ളതാവും ആപ്പ്.
എന്തൊക്കെ എന്നു നോക്കാൻ നമുക്ക് വീണ്ടും ഗൂഗിൾ ഒന്നു സെർച്ച് ചെയ്യാം.സ്പൈ സോഫ്റ്റ് വെയർ എന്നു വെറുതെ സെർച്ച് ചെയ്തപ്പോൾ ഇത്തവണ ലഭിച്ചത് 18 കോടി 90 ലക്ഷം റിസൽറ്റുകളാണ്. അതും 0.67 സെക്കന്റുകൊണ്ട്. ഇതിലൊന്നും വലിയ കാര്യമില്ലെങ്കിലും ഇന്റർനെറ്റിൽ ഈ വിഷയം എത്ര വ്യാപ്തിയോടെ ഉണ്ട് എന്നു കാണിക്കാനാണ് ഇതു പറഞ്ഞത്.
അപ്പോൾ സെർച്ച് റിസൽറ്റുകളിൽ ഏറ്റവുമാദ്യം കാണുന്ന പരസ്യത്തിലുള്ളത് എല്ലാ മൊബൈൽ ആക്ടിവിറ്റികളും ട്രാക്ക് ചെയ്യുന്ന കണ്ടുപിടിക്കാനാവാത്ത ആപ്പിന്റേതാണ്. റിയൽ ടൈം അപ്ഡേറ്റ്, എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേയും വിവരങ്ങൾ, മൊബൈലിന്റെ മുന്നിലെയും പിന്നിലെയും കാമറകൾ ലൈവ് ആയി കാണാനുള്ള സൗകര്യം, ശബ്ദം ലൈവ് ആയി കേൾക്കാനുള്ള സൗകര്യം തുടങ്ങി അന്പതിലേറെ ഫീച്ചറുകൾ! ചാര ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിന്റെ സ്ക്രീൻ ലൈവ് ആയി മറ്റേ ഫോണിൽ കാണാം.
ഓഫറായി കുറഞ്ഞ വിലയും ഫ്രീ ട്രയലും. പോരേ പൂരം!
ആളുകൾ കൂടുതൽ തവണ ചോദിച്ച ചോദ്യങ്ങളും ഗൂഗിൾ പറഞ്ഞുതന്നു:
1. എനിക്ക് എന്റെ ഭാര്യ അറിയാതെ അവളുടെ ഫോണ് ട്രാക്ക് ചെയ്യാൻ പറ്റുമോ?
2. നമുക്ക് ആവശ്യമുള്ള ഫോണിൽ ദൂരെയിരുന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ?
3. നന്പർ മാത്രം അറിഞ്ഞാൽ സ്പൈ വെയർ ഉപയോഗിക്കാൻ പറ്റുമോ?
4. സ്പൈവെയറുകൾ നിയമവിരുദ്ധമാണോ?
5. ബോയ്ഫ്രണ്ട് അറിയാതെ അവന്റെ ഫോണ് ട്രാക്ക് ചെയ്യാൻ പറ്റുമോ?
കോടിക്കണക്കിനുപേർ ഇത്തരം ചാര ആപ്പുകൾ പലവിധത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. മുന്പു പറഞ്ഞതുപോലെ പ്രതിശ്രുത വധുവിന്റെ ഫോണ് ചോർത്തിയതിനെത്തുടർന്ന് മുടങ്ങിയപ്പോയ കല്യാണങ്ങളും നിരവധി.
അവിടംകൊണ്ടു തീരാതെ വ്യക്തിഹത്യയുടെ തലത്തിലേക്ക് ഉയരുന്ന സംഭവങ്ങളുമുണ്ട്. എന്തിന്, കൊലപാതകങ്ങൾക്കുവരെ കാരണമായേക്കാവുന്ന സാമൂഹിക വിപത്താണ് ഈ ഫോണ് ട്രാക്കിംഗ്.
ആരുതന്നെയായാലും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒളികണ്ണിട്ടുനോക്കുന്നത് ക്രിമിനൽ കുറ്റമാണ്.
സ്വകാര്യതയിലേക്കുള്ള ക്ഷണവുമായി ഇങ്ങോട്ടുവരുന്ന ചിലരുണ്ട്. ചാറ്റിംഗിലൂടെ ചീറ്റിംഗ് നടത്തുന്നവർ. അത്തരക്കാരെക്കുറിച്ച് നാളെ വായിക്കാം.
ഇൻസ്റ്റലേഷൻ സഹായം!
മുകളിൽ കണ്ട ചോദ്യത്തിലേതുപോലെ, ഒരു ഫോണ് കൈയിൽ കിട്ടാതെ അതിൽ സ്പൈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് സാങ്കേതികമായി സാധ്യമല്ല. അവിടെയാണ് നമ്മൾ മുന്പുകണ്ടതരം മെസേജുകൾ എത്തുന്നത്. അവയുടെ മറവിലൂടെ തട്ടിപ്പ് ആപ്പുകൾ കടത്തിവിടാം. ഹാക്കർമാർക്ക് അതത്ര സങ്കീർണമായ പണിയുമല്ല.
ഗൂഗിളിനോടു ചോദിച്ച ചോദ്യങ്ങൾ ടെക്നോളജി വിഷയങ്ങൾ കൈകാര്യംചെയ്യുന്ന യുട്യൂബർമാരും എഴുത്തുകാരും നിരന്തരം കേൾക്കുന്നവയാണ്.
ഈ ചെയ്യുന്നതു ശരിയാണോ, നിങ്ങൾ ആർക്കെങ്കിലും പണികൊടുത്താൽ നിങ്ങൾക്കു മറ്റാരെങ്കിലും ഇതേ പണി തരില്ലേ എന്നൊക്കെ ചോദിച്ച് നിരുത്സാഹപ്പെടുത്തി വിടുകയാണ് മിക്കവരും പതിവ്. എന്നാൽ അതു മുതലെടുക്കുന്നവരും കുറവല്ല.
എങ്ങനെ ഫോണ് ചോർത്താമെന്നു വീഡിയോ ചെയ്യുന്ന യുട്യൂബർമാർ കുറവല്ല. ഇത്തരം വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആവശ്യക്കാർ ഉണ്ടെന്നിരിക്കേ അവരുടെ സബ്സ്ക്രൈബർമാരും കാഴ്ചക്കാരും കൂടും, ഒപ്പം വരുമാനവും.
എങ്ങനെ സ്പൈ കാമറ കണ്ടെത്താം എന്നുള്ള വീഡിയോകൾ ചെയ്യുന്പോൾ യഥാർഥത്തിൽ അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.