വി.ആർ. ഹരിപ്രസാദ്
നമ്മൾ നേരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചുമ്മാ ഗുഡ്മോ ണിംഗ് മെസേജ് അയച്ചും, ട്രോളുകളും വ്യാജവാർത്തകളും ഫോർവേഡ് ചെയ്തും ഇരിക്കുന്ന വാട്ട്സ്ആപ്പ് വെറും കളിപ്പാട്ടമല്ല. വാട്ട്സ്ആപ്പ് മെസേജ് തെളിവായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യം കൊള്ളാവുന്ന പണികിട്ടാൻ, അതായത് ആപ്പിൽ പെടാൻ വാട്ട്സ്ആപ്പ് ധാരാളമാണ്.
വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നൊരു പ്രയോഗം പലരും കേട്ടിരിക്കും. ആധികാരികം എന്നു തോന്നിപ്പിക്കുന്നവിധം പടച്ചുണ്ടാക്കുന്ന നുണകളും അസംബന്ധങ്ങളും വാട്ട്സ്ആപ്പിൽ കണ്ടു വിശ്വസിച്ച് അന്തംവിടുന്നവരാണ് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ.
കഴിഞ്ഞ മേയ്, ജൂണ് മാസങ്ങളിൽ കന്പനി 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് വിലക്കിയത്. വെറുതെയല്ല, ഓണ്ലൈൻ അധിക്ഷേപങ്ങളിൽ പൊറുതിമുട്ടി, ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് അങ്ങനെ ചെയ്തത്.
അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയാൻ തന്നെയായിരുന്നു വാട്ട്സ്ആപ്പിന്റെ തീരുമാനം. ഇത്തരം സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്താനുള്ള ഒന്നാന്തരം മാർഗങ്ങൾ അവരുടെ പക്കലുണ്ട്.
രണ്ടുകൊല്ലം മുന്പ്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട് ഇങ്ങനെ പറഞ്ഞു:2019 മേയ് മാസത്തിൽ ഞങ്ങൾ പുതിയൊരു തരം സൈബർ അറ്റാക്ക് കണ്ടെത്തി തടഞ്ഞു. വാട്ട്സ്ആപ്പിലെ വീഡിയോ കോൾ ഫീച്ചറിലായിരുന്നു ആക്രമണം.
ഉപയോക്താക്കൾക്ക് വീഡിയോ കോൾ എന്ന വ്യാജേന ഒരു കോൾ വരും. എന്നാലത് സാധാരണ വിളി ആയിരുന്നില്ല. ഫോണ് റിംഗ് ചെയ്താൽ ഉടൻ അതിലേക്ക് ഉപദ്രവകാരിയായ കോഡ് അയയ്ക്കുകയായി. അതോടെ ആ ഫോണ് ചാരക്കണ്ണിൽ അകപ്പെടും. ഫോണ് എടുക്കുകപോലും വേണ്ടെന്നു സാരം.
മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ഈ ചതിപ്രയോഗത്തിനു പിന്നിൽ എൻഎസ്ഒ ഗ്രൂപ്പ് എന്ന അന്താരാഷ്ട്ര കന്പനിയാണെന്നു ബോധ്യമായി. എങ്ങനെയാണ് അവരുടെ പേര് ഞങ്ങൾ ഇത്ര ആത്മവിശ്വാസത്തോടെ പറയുന്നത്? ഹാക്കർമാർ എൻഎസ്ഒയുമായി ബന്ധമുള്ള സെർവറുകളും ഇന്റർനെറ്റ്- ഹോസ്റ്റിംഗ് സർവീസുകളും ഉപയോഗിച്ചിരുന്നു എന്നതുകൊണ്ടുതന്നെ!
1400 ഫോണുകളെയാണ് അന്ന് പെഗാസസ് ലക്ഷ്യമിട്ടത്. ഇന്ത്യയിൽനിന്നുള്ള രണ്ടു ഡസൻ മാധ്യമപ്രവർത്തകർ, ന്യായാധിപന്മാർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ചാരപ്പണിയുടെ ചുഴിയിൽപ്പെട്ടു. കാര്യം മനസിലാക്കിയ വാട്ട്സ്ആപ്പ് കൂടുതൽ സുരക്ഷയുള്ള അപ്ഡേറ്റ് പുറത്തിറക്കുകയും, അതു സ്വീകരിക്കണമെന്ന് ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു.
ഈ മുന്നറിയിപ്പു ലഭിച്ചവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ലോകമെങ്ങും ചർച്ചയായി. ഇന്ത്യയിൽനിന്ന് പ്രിയങ്കാ ഗാന്ധിയും പ്രഫുൽ പട്ടേലുമടക്കമുള്ള നേതാക്കളടക്കം നൂറിലേറെപ്പേർ തങ്ങളെ പെഗാസസ് ബാധിച്ചുവെന്ന പരാതിയുമായെത്തി. അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതീവസുരക്ഷയുള്ളതെന്ന അവകാശവാദമുള്ള ഐഫോണിൽവരെ പൂപറിക്കുന്ന ലാഘവത്തോടെ പെഗാസസ് എത്തിയെന്ന് ഇത്തവണത്തെ ചോർത്തലിലൂടെ വെളിവായി. കേന്ദ്രവും എൻഎസ്ഒയും ഈ സംഭവവുമായി തങ്ങൾക്കു ബന്ധമില്ലെന്ന് കൈകഴുകുന്പോഴും ചില ചോദ്യങ്ങൾ ഉത്തരംകിട്ടാതെ ബാക്കിയാവുന്നുണ്ട്. രണ്ടുകൊല്ലം പഴക്കമുള്ള ചോദ്യങ്ങളാണ്-
1. ആരാണ് ഫോണുകൾ ചോർത്താൻ ആവശ്യപ്പെട്ടത്?
2. ചാര സോഫ്റ്റ് വെയർ ഇന്ത്യയിൽ ആർക്കാണ്
വില്പന നടത്തിയത്?
3. യഥാർഥത്തിൽ ഡാറ്റ ചോർന്നോ?
ഇതിനൊക്കെ ആരാണ് ഉത്തരം തരിക?
കൈകഴുകി ഒഴിയുന്നത് കോവിഡിനെ മാത്രമേ പ്രതിരോധിക്കൂ!
പെഗാസസ് കാവലാൾ!
അതേസമയം പെഗാസസ് പോലുള്ള സാങ്കേതികവിദ്യകൾ ലോകത്തിന്റെ കാവൽക്കാരാണെന്ന് എൻഎസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നു. കോടിക്കണക്കിനു വരുന്ന ജനങ്ങൾ സുരക്ഷിതരായി ഉറങ്ങുന്നതും ജീവിക്കുന്നതും പെഗാസസ് അടക്കമുള്ളവ രഹസ്യാന്വേഷണ, നിയമനിർവഹണ ഏജൻസികളുടെ കൈവശം ഉള്ളതിനാലാണെന്ന് കന്പനി പറയുന്നു.
പെഗാസസ് വാങ്ങുന്നയാൾക്ക് അത് ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് കaൈമാറിക്കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതൊന്നും നോക്കാറില്ല എന്നാണ് അവകാശവാദം.വാട്ട്സ്ആപ്പ് പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉള്ള ആപ്പുകളിൽ മറഞ്ഞിരുന്ന് ഭീകരപ്രവർത്തനങ്ങളും ബാല ലൈംഗിക പീഡനവും അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ പെഗാസസ് സഹായിക്കുമെന്ന് കന്പനി പറയുന്നു.
സുരക്ഷിതമായ ലോകം സൃഷ്ടിക്കാൻ തങ്ങളാലാവുംവിധം പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ രഹസ്യാന്വേഷണ, നിയമനിർവഹണ ഏജൻസികൾക്കു മാത്രമാണ് എൻഎസ്ഒ ഉല്പന്നങ്ങൾ വിൽക്കുക. ഇന്ത്യയ്ക്ക് ഈ ചാരസോഫ്റ്റ് വെയർ വിറ്റുവെന്നോ ഇല്ലെന്നോ കന്പനി സ്ഥിരീകരിക്കുന്നില്ല.
നമുക്കെന്തു ചെയ്യാം? പോലീസുംപറയുന്നു-
അതേക്കുറിച്ച് അടുത്ത ദിവസം…