കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്മുന്പില് കുടുംബം തകരുന്നതു കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് മനാഫ് മുഖ്യമന്ത്രിക്കു പരാതി നല്കി.
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിനു താന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നടപടി വൈകുന്നതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നു.
ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുന്റെ കുടുംബത്തെയും എന്റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കമ്മീഷണർക്കു പരാതി നൽകിയത്. എന്നാൽ ഇന്നേവരെ ആ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അർജുന്റെ മരണത്തിൽ മാനസികമായി തളർന്ന വേളയിലും എനിക്കെതിരേ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു കത്തിൽ പറയുന്നു. സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അധികൃതര്‍ നടപടി നീട്ടിക്കൊണ്ടുപോവുകയാണ്. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഏതാനും പേരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നീക്കത്തിനെതിരേ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ താനും കുടുംബവും നിരാശരാണെന്നു കത്തില്‍ സൂചിപ്പിച്ച മനാഫ്.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും തനിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.