ബാബു ചെറിയാൻ
കോഴിക്കോട്: ജനസേവനകേന്ദ്രം ഏജന്റുമാരെന്ന ഭാവേന വ്യാപാരികളിൽ നിന്ന് വൈദ്യൂതിചാർജിനത്തിൽ വൻതുക കൈക്കലാക്കി കേരളത്തിലെ സ്വകാര്യബാങ്കിന്റെ എടിഎംകാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, ഈങ്ങാപ്പുഴ മേഖലകളിലെ ഹോട്ടൽ ഉടമകളിൽ നിന്ന് വൈദ്യൂതി ചാർജിനത്തിൽ വാങ്ങിയ പണം മറ്റാരുടേയോ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് തട്ടിപ്പിലൂടെ പിൻവലിയ്ക്കുകയായിരുന്നു. വ്യാപാരികളുടെ പണം കൃത്യമായി വൈദ്യൂതി ബോർഡിന്റെ അക്കൗണ്ടിലെത്തിയെങ്കിലും ബാങ്കിന്റെ എടിഎംകാർഡ് ഉപയോഗിക്കുന്ന നിരവധി പേർക്ക് വൻതുക നഷ്ടപ്പെട്ടു. കാർഡ് ഉടമകളുടെ പരാതിയിൽ എട്ടുലക്ഷത്തോളം രൂപ ബാങ്ക് , കാർഡ് ഏജൻസിക്ക് തിരികെനൽകി.
മരിച്ചയാളുടെ അക്കൗണ്ടിൽനിന്നുവരെ ഇന്റർനെറ്റ് തട്ടിപ്പിലൂടെ പണം പിൻവലിച്ചിട്ടുണ്ട്. ബാങ്ക് അധികൃതർ എറണാകുളത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർക്രൈം ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ സി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം തുടരുന്നു. വ്യാപാരികളിൽനിന്ന് വൈദ്യൂതി ചാർജ് കൈപ്പറ്റിയ രണ്ട് യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. പണം മറ്റൊരാള്ക്ക് കൈമാറിയെന്നാണ് ഇവരുടെ മൊഴി.
പലകൈ മറിഞ്ഞപണം വിദേശമലയാളിയുടെ അക്കൗണ്ടിൽ എത്തിയതായും ഗൾഫിൽനിന്നാണ് ഇന്റർനെറ്റ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് കണ്ടെത്തി. ജനസേവനകേന്ദ്രം മുഖേന വൈദ്യൂതിചാർജടച്ചാൽ തങ്ങൾക്ക് മൂന്നുശതമാനം കമ്മീഷൻ ലഭിക്കുമെന്നു പറഞ്ഞാണ് പരിചയക്കാരായ ഷാഹിദ് കുട്ടമ്പൂര് , ഷംസീർ എന്നീ യുവാക്കൾ പുതുപ്പാടിയിലെ ഹോട്ടലുടമയെ സമീപിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് ആദ്യം ഫോൺ സന്ദേശം അയക്കുകയും പിന്നീട് നേരിൽ സമീപിക്കുകയുമായിരുന്നു. വ്യവസായ-വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതി ചാർജ് അതാത് മാസം അടയ്ക്കണം.
ഇവരെ അറിയുന്ന ഹോട്ടലുടമ വൈദ്യുതി ബില്ലിനത്തിൽ ഒരുലക്ഷത്തോളം രൂപ കൈയോടെ നൽകി. 24 മണിക്കൂറിനകം തുക വൈദ്യുതി ബോർഡിന്റെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ദിവസങ്ങൾക്കുശേഷം കോഴിക്കോട് സൈബർക്രൈം പോലീസ് സ്റ്റേഷനിൽ നിന്ന് അന്വേഷിച്ചെത്തുന്പോഴാണ് ചതിയിൽപെട്ടതായി ഉടമയ്ക്ക് മനസിലായത്.
മറ്റാരുടേയോ അക്കൗണ്ടിൽനിന്ന് ബാങ്കിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് വൈദ്യുതി ബോർഡിൽ പണമടച്ചത്. കോഴിക്കോട് ജില്ലയിലെ 12 വ്യാപാരികൾ വൈദ്യുതി ചാർജിനത്തിൽ യുവാക്കൾക്ക് കൈമാറിയ എട്ടുലക്ഷത്തോളം രൂപ മറ്റു അക്കൗണ്ടുകളിൽനിന്നാണ് നെറ്റ്ബാങ്കിങ്ങിലൂടെ വൈദ്യുതി ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്.
കാർഡ് ഉടമകളിൽ ചിലർ ന്യൂയോർക്ക് ആസ്ഥാനമായ സ്വകാര്യ ആഗോള പണമിടപാട് ഏജൻസിക്ക് പരാതി നൽകിയതിനെ തുടർന്ന് എട്ടുലക്ഷത്തോളം രൂപ ബാങ്കിന് തിരികെ നൽകേണ്ടിവന്നു. കരാർവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഏജൻസി ബാങ്കിനുനേരെ നിയമനടപടിക്ക് മുതിരുകയും ചെയ്തു. തുടർന്നാണ് ബാങ്ക് അധികൃതർ എറണാകുളം പോലീസിൽ പരാതി നൽകിയത്. അക്കൗണ്ടുകളിൽനിന്ന് പണം ചോർത്തിയത് കോഴിക്കോട്ടെ വൈദ്യുതിബോർഡിനു വേണ്ടിയായതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.
വൈദ്യുതി ബോർഡിനോട് ഇത്രയും തുക ആവശ്യപ്പെട്ടെങ്കിലും അവർ കൈമലർത്തിയതോടെ ബാങ്കിന് ഇത്രയും തുക നഷ്ടമായിരിക്കയാണ്. ഇതുകൂടാതെ സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയതായി സംശയിക്കുന്നു. കൂടുതൽപേർ സമാനതട്ടിപ്പിന് ഇരയായതായി സംശയിക്കുന്നു. വിദേശത്തുള്ള ആസൂത്രകനെ പിടികൂടാൻ പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
എടിഎം കാർഡ് എന്നാൽ
കോഴിക്കോട്: കസ്റ്റമർക്ക് നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാൻ ബാങ്കുകൾ നൽകുന്നതാണ് റുപേ, വിസാകാർഡ്, മാസ്റ്റർകാർഡ് തുടങ്ങി ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച കാർഡുകൾ. ഇതിൽ റൂപേ സർക്കാരിന്റെ നിയന്ത്രണത്തിലും മറ്റുള്ളവ സ്വകാര്യ ആഗോള പണമിടപാട് ഏജൻസികളുമാണ്. ഒരു ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിയ്ക്കുന്നതിന് ഏജൻസിയായിരിക്കും ഗാരണ്ടർ.
എന്നാൽ ഇന്റർനെറ്റ് തട്ടിപ്പ് തുടങ്ങി പരാതികളുണ്ടായാൽ ഏജൻസി അന്വേഷണം നടത്തി നഷ്ടപ്പെട്ടതുക അതാത് ബാങ്കിൽനിന്ന് ഈടാക്കുമെന്നാണ് കരാർവ്യവസ്ഥ. നെറ്റ് ബാങ്കിങ്ങ്, ഓൺലൈൻ ഫീസ് കലക്ഷൻ, ഓൺലൈൻ ബിൽ പേയ്മെന്റ്, മൊബൈൽ ബാങ്കിങ്ങ്, എടിഎമ്മിൽനിന്ന് പണം പിൻവലിക്കൽ തുടങ്ങി സേവനങ്ങളാണ് കാർഡ് മുഖേന ചെയ്യുന്നത്.