സ്വന്തം ലേഖകൻ
തൃശൂർ: ഇന്ത്യയിൽ സൈബർ ക്രൈം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭോപ്പാലിലെ സെൻട്രൽ അക്കാദമി ഓഫ് പോലീസ് ട്രെയിനിംഗ് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സൈബർക്രൈം ഇൻവെസ്റ്റിഗേഷന് സ്പെഷ്യൽ ട്രെയിനിംഗ് നൽകുന്നു.
കേരളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ ട്രെയിനിംഗിന് അയക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന് കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യയിലെന്പാടും വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതിനും ഫലപ്രദമായി നേരിടുന്നതിനുമുള്ള പുതിയ മാർഗങ്ങളും പദ്ധതികളും പരിശീലിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സൈബർ കെണിയും ആത്മഹത്യകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക മൊബൈൽ ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ സൈബർ ക്രൈമുകളുടെ എണ്ണത്തിലും വർധനവുണ്ടായി. സൈബർ മാധ്യമങ്ങളിലൂടെ അശ്ലീലവും അസഭ്യവും പറയുന്നത് വെർബൽ റേപ്പ് ആയി കണക്കാക്കുന്നുണ്ട്.
കംപ്യൂട്ടർ ഉപയോഗിച്ച് നടത്തുന്ന ഹാക്കിംഗ്, സ്പാമിംഗ്, ഫിഷിംഗ് എന്നീ സൈബർ ക്രൈമുകളും കൂടി വരുന്ന സാഹചര്യമാണുള്ളതെന്ന് സൈബർ വിദഗ്ധർ പറയുന്നു.സ്ത്രീകൾക്ക് നേരെയുള്ള സൈബർ അതിക്രമങ്ങൾ വർധിക്കുന്നതായി എല്ലായിടത്തു നിന്നും റിപ്പോർട്ടുകളുണ്ട്.
2014ൽ 9,622, 2015ൽ 11,592, 2016ൽ 12,317, 2017ൽ 21,796 എന്നിങ്ങനെയാണ് ഇന്ത്യയിൽ പോയവർഷങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം. ഐടി ആക്ടും മറ്റും കർശനമാക്കിയിട്ടുണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ കാര്യമായി കുറയുന്നില്ലെന്നതാണ് ഇന്ത്യയൊട്ടാകെയുള്ള കണക്കെടുക്കുന്പോൾ ലഭിക്കുന്ന സൂചന.
അതുകൊണ്ടുതന്നെയാണ് സൈബർ ഇൻവെസ്റ്റിഗേഷൻ കൂടുതൽ ഫലപ്രദമാക്കാനുള്ള മാർഗങ്ങളും നടപടികളും ആലോചിക്കാൻ സെൻട്രൽ അക്കാദമി ഓഫ് പോലീസ് ട്രെയിനിംഗിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 പോലീസ് ഉദ്യോഗസ്ഥർ ഒത്തുചേരുന്നത്.
ഭോപ്പാലിൽ ഒരാഴ്ചയാണ് ഇവർക്ക് സൈബർക്രൈം ഇൻവെസ്റ്റിഗേഷനിൽ പരിശീലനം നൽകുക. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ടു ചെയ്ത സൈബർ കേസുകളെക്കുറിച്ച് പരസ്പരം ചർച്ചചെയ്യാനും അതുവഴി സൈബർ കുറ്റവാളികളുടെ രീതികളും ഓപ്പറേഷൻ ശൈലികളും കൂടുതലായി മനസിലാക്കാനും ഈ പരിശീലനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.