ഋഷി
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോറും തട്ടിപ്പുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്.
മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ബാങ്കിംഗും ഡിജിറ്റൽ ട്രാൻസാക്ഷനുമെല്ലാം സർവസാധാരണമായതോടെ ഇത്തരം റോബിൻഹുഡുമാർ പെരുകി.
അവരെ കുടുക്കാൻ ആ ഒരു മണിക്കൂർ ഏറെ പ്രധാനമാണ്… ഗോൾഡൻ അവർ എന്ന് കുറ്റാന്വേഷകർ പറയുന്ന ആദ്യത്തെ ഒരു മണിക്കൂർ.
സാമ്പത്തിക കുറ്റകൃത്യം നടന്ന ശേഷമുള്ള ആദ്യത്തെ 60 മിനിറ്റ്. തട്ടിപ്പിന് ഇരയായവർ ആകെ പതറി തകർന്നു പോകുന്ന ആ ഒരു മണിക്കൂർ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപക്ഷേ നിങ്ങളുടെ പണം കവർന്ന സൈബർ കുറ്റവാളിയെ പിടികൂടാൻ കുറച്ചുകൂടി എളുപ്പമായിരിക്കും എന്ന് പോലീസ് ഓർമിപ്പിക്കുന്നു.
പലതവണ പറഞ്ഞതും ഓർമപ്പെടുത്തിയതും ആണെങ്കിലും ഓരോ ദിവസവും സൈബർ സാമ്പത്തിക തട്ടിപ്പിൽ അകപ്പെടുന്നവരെ എണ്ണം കൂടിക്കൂടി വരികയാണ്.
ബോധവത്ക്കരണങ്ങൾ കൊണ്ട് യാതൊരു ഗുണവും ഇല്ലാത്ത അവസ്ഥ. എത്രയൊക്കെ പറഞ്ഞാലും വീണ്ടും തട്ടിപ്പിന് തലവച്ചു കൊടുക്കുന്ന സ്ഥിതി.
അതുകൊണ്ടുതന്നെയാണ് വീണ്ടും വീണ്ടും സൈബർ പോലീസും സാമ്പത്തിക കുറ്റാന്വേഷകരും ഐടി വിദഗ്ധരുമെല്ലാം ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടേയിരിക്കുന്നത്.
മറക്കരുത് ആ ഒരു മണിക്കൂർ
സാമ്പത്തികത്തട്ടിപ്പില് ആദ്യത്തെ ഒരു മണിക്കൂര് നിര്ണായകമാണെന്ന് സൈബര് പോലീസ് വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില് പരാതി നല്കുകയാണെങ്കില് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് കുറച്ചുകൂടി എളുപ്പമാകുമെന്നാണ് പോലീസ് പറയുന്നത്.
അതിനാല് ഗോള്ഡന് അവര് എന്ന് വിളിക്കുന്ന ആദ്യ ഒരു മണിക്കൂറിനുള്ളില് സാമ്പത്തിക തട്ടിപ്പില് വീണവര് പരാതി നല്കാന് തയാറാകണമെന്ന് സൈബര് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
സമയം വൈകുമ്പോൾ സംഭവിക്കുന്നത്
പലപ്പോഴും ഗോള്ഡന് അവര് കഴിഞ്ഞാണ് ഭൂരിപക്ഷം ആളുകളും പരാതി നല്കുന്നത്. ഇത് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.
അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കാന്, തട്ടിപ്പ് നടന്ന് നിമിഷങ്ങള്ക്കുള്ളില് പരാതി നല്കുക വഴി സാധിക്കും. സമയം കൂടുതല് കിട്ടുംതോറും തട്ടിപ്പുകാര്ക്ക് രാജ്യത്തിന് പുറത്ത് രജിസ്റ്റര് ചെയ്തിരിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറാന് കൂടുതല് അവസരം ലഭിക്കും.
പണം നഷ്ടപ്പെട്ടവർ അതിന്റെ ആഘാതത്തിൽ നിന്നു മോചിതരായി പരാതി കൊടുക്കാൻ ഒരു മണിക്കൂറിലേറെ വൈകുമ്പോൾ ക്രിപ്റ്റോ കറന്സിയിലേക്ക് മാറ്റി ചൈന പോലെയുള്ള രാജ്യങ്ങളിലുള്ള അക്കൗണ്ടുകളില് സൂക്ഷിക്കുന്നതോടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യത കുറയുമെന്നും സൈബര് പോലീസ് വ്യക്തമാക്കുന്നു.
പ്രതീക്ഷ നൽകുന്ന ഗോൾഡൻ അവർ
ആദ്യ ഒരു മണിക്കൂറിനുള്ളില് പരാതി നല്കിയ കേസുകളില് തട്ടിപ്പിന് ഇരയായ 80 ശതമാനത്തിലധികം ആളുകള്ക്കും പണം തിരിച്ചുകിട്ടിയിട്ടുണ്ട്.
എന്നാല് ഇത്തരത്തില് ഒരു മണിക്കൂറിനുള്ളില് പരാതി നല്കിയവര് മൊത്തം തട്ടിപ്പിന് ഇരയായവരില് 20 ശതമാനം മാത്രമാണെന്നും സൈബര് പോലീസ് പറയുന്നു.
കേരളത്തിൽ ഒരു ദിവസം ശരാശരി 60 സൈബർ തട്ടിപ്പ് കേസുകൾ
പ്രതിദിനം കേരളത്തില് ശരാശരി 60 സൈബര് തട്ടിപ്പ് കേസുകളാണ് രജിസ്റ്റര് ചെയ്യുന്നത്. തട്ടിപ്പിന് ഇരയായി ഒരു മണിക്കൂറിനുള്ളില് നടപടി സ്വീകരിച്ചാല് തട്ടിപ്പുകാരുടെ അക്കൗണ്ടുകളില് നിന്ന് പണം വീണ്ടെടുക്കാന് ഒരു പരിധി വരെ സാധിക്കും.
കാരണം ബാങ്കുകള്ക്ക് ഇടയിലും ഇ വാലറ്റുകളിലേക്കും പണം കൈമാറാന് സമയമെടുക്കും. ക്ലിയറന്സ് സമയം ഒരു മണിക്കൂര് വരെയാണ്.
അതിനാല് ഒരു മണിക്കൂറിനുള്ള നടപടി സ്വീകരിച്ചാല് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കുന്നത് കൂടുതല് എളുപ്പമാക്കും.
ആപ്പിലാക്കുന്ന
സ്ക്രീൻ ഷെയർ ആപ്പ്
സ്ക്രീന് ഷെയര് ആപ്പുകളിലൂടെയുള്ള ഓണ്ലൈന് തട്ടിപ്പുകള് വര്ധിച്ചിരിക്കയാണെന്നും പോലീസ് പറഞ്ഞു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള് ചോര്ത്താനുള്ള പുതുവഴിയാണ് സ്ക്രീന് ഷെയര് ആപ്ലിക്കേഷനുകള്.
ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള് എന്ന വ്യാജേന ഫോണ് ചെയ്യുന്നവര് ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യാന് നിര്ബന്ധിക്കും. ഇത്തരം കെണിയില് വീഴരുതെന്ന് കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്കി.
ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്താല് അതിലെ സ്ക്രീന് ഷെയറിംഗ് മാര്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള് ശേഖരിച്ചാണ് തട്ടിപ്പ്.
സ്ക്രീന് ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള് ഇന്സ്റ്റാള് ചെയ്ത് അവ തുറന്നാലുടന് ഫോണിലെ വിവരങ്ങള് തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള് ഫോണിലൂടെ ആവശ്യപ്പെടില്ല എന്ന കാര്യം ഓര്മിക്കണമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പില് പറയുന്നു.
പലതവണ പറഞ്ഞെങ്കിലും വീണ്ടും പറയട്ടെ
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് ഒരിക്കലും വ്യക്തിവിവരങ്ങള് ഫോണിലൂടെ ആവശ്യപ്പെടില്ല.
ഇത്തരം ഫോണ്കോളുകള്, എസ്എംഎസ് സന്ദേശം, ഇ – മെയിലുകള് എന്നിവ അവഗണിക്കുക. ക്രെഡിറ്റ്കാര്ഡ് വിവരങ്ങള്, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിന് നമ്പറുകള് എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
കൈകൊണ്ടു തൊടാതെ പണം കൈകാര്യം ചെയ്തു തുടങ്ങിയ പുതിയ കാലത്ത് കൂടുതൽ കൈവിട്ട നിലയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പറഞ്ഞതുപോലെ പേടിയല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത്.