കോഴിക്കോട്: സൈബര്‍ തട്ടിപ്പുനടത്താന്‍ കമ്മീഷന് വ്യവസ്ഥയില്‍ കോളജ് വിദ്യാര്‍ഥികള്‍ സജീവമായി ഇടപെടുന്നതായി സൈബര്‍ പോലീസ് കണ്ടെൽ. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 60.70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതോടെയാണ് വിദ്യാര്‍ഥികളുടെ പങ്കു വെളിച്ചത്തുവരുന്നത്.
മലപ്പുറം വാണിയമ്പലം സ്വദേശികളായ മുഹമ്മദ് അജ്മല്‍, അന്‍ഷാദ് മോയിക്കല്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി പി. റംഷീല്‍ എന്നിവരെയാണു കഴിഞ്ഞ ദിവസം സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുസംഘത്തില്‍ വന്‍ കമ്മീഷന് വ്യവസ്ഥയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വന്‍തുക ഇവര്‍ ഇത്തരത്തില്‍ കൈവശപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശ ഇന്സ്റ്റിറ്റ്യൂഷന് ഇന്‍വെസ്റ്റമെന്റ് വഴി വന്‍ നിക്ഷേപം നടത്താമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് ഇവര്‍ അറസ്റ്റിലായത്. തട്ടിപ്പ് നടത്തുന്നവര്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പിന്നീട് ഇവര്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്കു നല്‍കും. വിദ്യാര്‍ഥികള്‍ ആയതിനാല്‍ ആരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.
സമാന തട്ടിപ്പില്‍ ജില്ലയില്‍ നേരെത്തയും അറസ്റ്റ് നടന്നിരുന്നു. വ്യാജ ഷെയര്‍ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി ഷെയര്‍ ട്രേഡിംഗിലൂടെ കൂടുതല്‍ ലാഭം വാഗ്ദാനം െചയ്ത് 48 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.