അങ്ങനെയിരിക്കേ വാട്ട്സ്ആപ്പിൽ ഒരു കോൾ വരുന്നു. വീഡിയോ കോളാണ്. നിങ്ങൾ ഉറക്കപ്പിച്ചിൽ ആയിരിക്കാം. കോൾ കണക്ട് ആയാൽ കണ്ണുതള്ളിപ്പോകുന്ന കാഴ്ചയാകും കാണുക.
സ്ക്രീനിൽ അർധനഗ്നയായ ഒരു സ്ത്രീ. ഇതെന്താണ് ഇങ്ങനെ എന്നു ചിന്തിക്കാനുള്ള സമയംമതി.
കോളിന്റെ അങ്ങേത്തലയ്ക്കൽ നിങ്ങളുടെ അന്തംവിട്ടിരിക്കുന്ന മുഖം സ്ക്രീൻ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കും. തട്ടിപ്പുകാർക്ക് അതു പോരേ! മതി, ധാരാളം മതി!!
അല്പം കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് മെസേജ് എത്തുകയായി. നഗ്നയായ സ്ത്രീക്കൊപ്പം നിങ്ങൾ വീഡിയോ കോൾ ചെയ്തതിന്റെ ദൃശ്യങ്ങൾ പിന്നാലെ വരും.
അത്യാവശ്യത്തിന് എരിവും പുളിയും ചേർത്തിരിക്കും അതിൽ. അവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചുകൊടുക്കും എന്നാണ് ഭീഷണി.
ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും!. നാണക്കേടും ഭയവും മൂലം തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം നൽകി തലയൂരാനാവും പലരുടെയും ശ്രമം. രണ്ടായിരം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ ഇത്തരത്തിൽ നഷ്ടമായവർ ഒട്ടേറെ.
തൃശൂരിലെ ഒരു മാധ്യമപ്രവർത്തകനോട് മോർഫ് ചെയ്തുണ്ടാക്കിയ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ പതിനായിരം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. അദ്ദേഹം പോലീസിൽ പരാതി നൽകുകയാണ് ചെയ്തത്.
സ്ത്രീകളെ വിളിച്ച് മറുതലയ്ക്കൽ പുരുഷന്മാരുടെ ദൃശ്യങ്ങൾ കാണിച്ചതായും ഇരകളായവർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തരം കോളുകൾ വരുന്നതെന്നാണ് സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്.
കോവിഡ് കാലത്ത് തട്ടിപ്പുകൾ കൂടുകയും ചെയ്തു. അപരിചിത നന്പറുകളിൽനിന്ന് വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുകയാണ് ഇതിനുള്ള ഏക പോംവഴി.
ചതിക്ക് രണ്ടാമതൊരു രീതികൂടിയുണ്ട്. ഫേസ്ബുക്കിലൂടെയോ മറ്റോ പരിചയപ്പെട്ട് വിശ്വാസ്യത നേടി ഇത്തരം വീഡിയോ കോളിനു ക്ഷണിക്കുകയാണ് അതിൽ ചെയ്യുക.
ഇവരുടെ ലക്ഷ്യം മനസിലാക്കാതെ സ്ഥലകാലബോധം മറന്നു പ്രവർത്തിച്ചാൽ പണികിട്ടും. സ്ക്രീൻ റെക്കോർഡ് ചെയ്ത് ആവശ്യത്തിനു മസാല ചേർത്ത വീഡിയോ പിന്നാലെ വരും. വലിയ തുകയാവും അവർ ആവശ്യപ്പെടുക.
അക്കൗണ്ട് ഡിലീറ്റ് ചെയ്യരുത്
ഇതുപോലുള്ള സാഹചര്യത്തിൽ പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുന്നവരുണ്ട്.
ഒരിക്കലും അതു ചെയ്യരുതെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ആ പ്രൊഫൈലിൽനിന്ന് നേരത്തേ സേവ് ചെയ്തെടുത്ത ഫോട്ടോകളും വിവരങ്ങളും ചേർത്ത് തട്ടിപ്പുകാർ ഇരയുടെ പേരിൽ പുതിയ പ്രൊഫൈൽ ഉണ്ടാക്കും.
പഴയ സുഹൃത്തുക്കളെയെല്ലാം വീണ്ടും ലിസ്റ്റിൽ ചേർക്കും. ഭീഷണി വീണ്ടും പ്രയോഗിക്കുമെന്നർഥം.
ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്ത സംഭവം അടുത്തയിടെ കാസർഗോട്ടും കൊച്ചിയിലും നടന്നിരുന്നു.
പിന്നീട് പണംകൊടുത്ത് അവസാനിപ്പിച്ചെങ്കിലും പോയ മാനം തിരികെ വരില്ലെന്നു ഗുണപാഠം.
കൊച്ചിയിൽ ലക്കി ഡ്രോ തട്ടിപ്പും!
ഏതാനും മാസങ്ങൾക്കുമുന്പ് കൊച്ചിയിൽ ഒരു പുത്തൻ ഉടായിപ്പ് എത്തി- വാട്ട്സ്ആപ്പ് ലക്കി ഡ്രോ!
വാട്ട്സ്ആപ്പ് നന്പറിലേക്ക് ഒരു വിന്നേഴ്സ് സർട്ടിഫിക്കറ്റ് അയയ്ക്കലാണ് ആദ്യപടി. ഒപ്പും സീലും ക്യുആർ കോഡും അടക്കം ഒരു കിടിലൻ സർട്ടിഫിക്കറ്റ്.
നറുക്കെടുപ്പിൽ വിജയിച്ചുവെന്നു കാണിച്ച് ഇരയാക്കാൻ ഉദ്ദേശിച്ചവരുടെ പേരും ഫോണ് നന്പറും അതിലുണ്ടാകും.
കോടികൾ സമ്മാനം ലഭിച്ചുവെന്നാണ് അറിയിപ്പ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാൻ ഒരു പേരും ഫോണ് നന്പറും ഒപ്പം ലഭിക്കും.
ഇതിലെ തട്ടിപ്പുരീതി അല്പം വിചിത്രമാണ്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഫോണിലെ സകലവിവരങ്ങളും ചോരും.
കാശും പോകും. എസ്എംഎസ് വഴി വന്നിരുന്ന തട്ടിപ്പു സന്ദേശങ്ങളുടെ പുതുപുത്തൻ രൂപമാണ് ഈ വാട്ട്സ്ആപ്പ് ലക്കി ഡ്രോ.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ, വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, കോപ്പി പേസ്റ്റ് തട്ടിപ്പ്, വായ്പ്പാ ആപ്പ് കെണി, ഓണ്ലൈൻ റമ്മി, റാൻസം വെയർ, ഒടിപി കള്ളത്തരം, ….. പറഞ്ഞുതീർക്കാൻ പറ്റില്ല, സൈബറിടത്ത് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ ഉടുത്തിരിക്കുന്ന വസ്ത്രംവരെ തട്ടിയെടുക്കാൻ റെഡിയാണ് തട്ടിപ്പു സംഘങ്ങൾ.
കണ്ണും ചെവിയും പരമാവധി തുറന്നുവയ്ക്കുക, യുക്തിയോടെ ചിന്തിക്കുക, അനാവശ്യ കാര്യങ്ങളിലും ഓഫറുകളിലും തലയിടാതിരിക്കുക- ഇത്രയുമാണ് നമുക്ക് ചെയ്യാനുള്ളത്.
സാധാരണക്കാരുടെ കാര്യം ഇങ്ങനെയെങ്കിൽ പ്രമുഖരുടെ സ്ഥിതി എന്താവും? ചാരപ്പണിയുമായി അധികൃതർവന്നാലോ? അതിന്റെ പിന്നാന്പുറങ്ങളിലേക്ക് നാളെ…