സ്വന്തം ലേഖകൻ
തൃശൂർ: “ഹലോ… സൈബർ സെല്ലിൽനിന്നാണ് വിളിക്കുന്നത്’- ഇതാണ് ഇന്റർനെറ്റ് ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന്റെ പുതിയ തന്ത്രം,
അതും സൈബർ സെല്ലിന്റെ പേരുപറഞ്ഞ്! തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രമുഖരെയും.
ഇന്റർനെറ്റിലൂടെ മൊബൈൽ ഫോണിലേക്ക് കോളുകൾ വരുന്നത് വിദേശത്തുനിന്ന്. “സൈബർ വ്യാജ’നെ കുടുക്കാൻ പോലീസ് ഗൾഫിൽ വലവീശി.
മലയാളിയായ ഇയാൾ ഒറിജിനൽ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. വ്യാജനെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.
അസമയത്ത് വരുന്ന കോൾ
സൈബർ സെല്ലിൽനിന്നാണെന്നു പറഞ്ഞ് പാതിരാത്രിയിലാണ് കോളുകൾ വരിക. ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതായും വെബ് സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും അശ്ലീല ക്ലിപ്പുകൾ കാണുന്നതു ശ്രദ്ധയിൽപ്പെട്ടെന്നും സൂചിപ്പിക്കും.
ഭീഷണി സ്വരത്തിൽ ആധികാരികതയോടെ വ്യാജനെന്നു തോന്നിപ്പിക്കാതെയാണു സംസാരം.
പേടിച്ച് അറിഞ്ഞോ അറിയാതെയോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടെ നിങ്ങൾ തട്ടിപ്പുകാരന്റെ വരുതിയിലാകും. ഇതോടെ ഒടിപി പോലുള്ള രഹസ്യ കോഡുകളും സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാർ ചോർത്തിയെടുക്കും.
ലക്ഷ്യം സ്ത്രീകളും പ്രമുഖരും
സൈബർ വ്യാജന്മാരുടെ മുഖ്യ ഇരകൾ വിദ്യാർഥിനികളാണ്. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും കൂടുതൽ ഉപയോഗിക്കുന്നവരെയാണ് കെണിയിൽ വീഴ്ത്തുന്നത്.
പ്രമുഖ വ്യക്തിത്വങ്ങളെയും ലക്ഷ്യമിടുന്നു. സ്ത്രീകളാണെങ്കിൽ സ്വകാര്യവിവരങ്ങൾ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും.
ലൈംഗിക ചൂഷണത്തിനും പ്രമുഖരെ പണം തട്ടിപ്പിനും ഇരയാക്കാനാണു ശ്രമം. മാനഹാനി ഭയന്ന് വിവരം പുറത്തുപറയാൻ മടിക്കുന്നതാണ് സൈബർ വ്യാജന്മാർ മുതലെടുക്കുന്നത്.
സൈബർ വ്യാജൻ ഒത്തിരിപേർ
ഫോൺ കോൾ വിവരങ്ങൾ പറഞ്ഞ് സൈബർ സെല്ലിലേക്ക് ആളുകൾ വിളിച്ചപ്പോഴാണ് പോലീസ് “സൈബർ വ്യാജനെ’ക്കുറിച്ച് അറിയുന്നത്.
അന്വേഷണത്തിലറിഞ്ഞത് ഒന്നിലധികമാളുകൾ വ്യാജന്മാരായി വിലസുന്നുണ്ടെന്നാണ്. ഭീഷണി സ്വരത്തിലുള്ള ഫോൺ കോളുകൾ ഒട്ടേറെപ്പേർക്ക് ലഭിക്കുന്നതായി പോലീസ് പറഞ്ഞു.
തൃശൂർ സിറ്റി പോലീസിന്റെ സൈബർ സെൽ വിഭാഗവും, സൈബർ ക്രൈം പോലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലഫോൺ കോളുകൾ നിരീക്ഷിച്ചുവരികയാണ്. കോളുകൾ ഉത്ഭവം കൂടുതലായും വിദേശ രാജ്യങ്ങളിൽനിന്നാണ്.
നാലക്ക നന്പർഎടുക്കരുത്
ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതും വിളിക്കുന്നതും.
ഇത്തരം കോളുകൾ ഫോണിലേക്കു വരുമ്പോൾ നാലക്ക നമ്പർ മാത്രമേ സ്ക്രീനിൽ തെളിയുകയുള്ളൂ. ഇത്തരം കോളുകൾ എടുക്കരുത്.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ, മൊബൈൽ നമ്പറുകൾ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്.