ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിലെ കരസേനാ ക്യാന്പിനു നേരേ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മൂന്നു ജവാന്മാർ വീരമൃത്യു വരിച്ചു.
നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണത്തിനെത്തിയ രണ്ടു ഭീകരരെയും വധിച്ചു.
ഇന്നലെ പുലർച്ചെ പാർഘലിലെ കരസേനാ ക്യാന്പിനു നേർക്കായിരുന്നു ആക്രമണം. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം.
മോശം കാലാവസ്ഥയുടെ മറവിലാണു ഭീകരർ കരസേനാ ക്യാന്പിലേക്ക് എത്തിയത്. ക്യാന്പിനകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച ഭീകരർ, സെൻട്രികൾ തടഞ്ഞപ്പോൾ ഗ്രനേഡുകൾ എറിഞ്ഞു.
ഉടൻ കൂടുതൽ സൈനികരെത്തി ഭീകരരെ വളഞ്ഞു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും വധിച്ചു. ആറു സൈനികർക്കു പരിക്കേറ്റു.
ഇവരിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരാണു വീരമൃത്യു വരിച്ചത്. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ ഡി. ലക്ഷ്മണൻ, റൈഫിൾമാൻ മനോജ്കുമാർ എന്നിവരാണു വീരമൃത്യു വരിച്ചത്.
രാജസ്ഥാനിലെ ഝൂൻഝുനു സ്വദേശിയാണ് സുബേദാർ രാജേന്ദ്ര പ്രസാദ്. റൈഫിൾമാൻ ലക്ഷ്മണൻ തമിഴ്നാട്ടിലെ മധുര ജില്ലക്കാരനും റൈഫിൾമാൻ മനോജ്കുമർ ഹരിയാന സ്വദേശിയുമാണ്. രാത്രി രണ്ടിന് ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ ആറു വരെ നീണ്ടു.
75-ാം സ്വാതന്ത്ര്യദിനത്തിനു നാലു ദിവസം മുന്പു നടന്ന ആക്രമണത്തെ രാജ്യം അതീവഗൗരവത്തോടെയാണു കാണുന്നത്. മൂന്നു വർഷം മുന്പാണു ജമ്മു കാഷ്മീരിൽ ഇതിനുമുന്പു ചാവേർ ആക്രമണം നടന്നത്.
2019 ഫെബ്രുവരി 14നു പുൽവാമയിലെ ലെത്പോറയിൽ നടന്ന ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഏപ്രിൽ 22നു പ്രധാനമന്ത്രി ജമ്മു സന്ദർശിച്ചപ്പോൾ ചാവേർ ആക്രമണത്തിനു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരർ പദ്ധതിയിട്ടിരുന്നു.
എന്നാൽ സുരക്ഷാസേന ആക്രമണപദ്ധതി തകർത്ത് രണ്ടു ഭീകരരെയും വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു.
രജൗരി ആക്രമണത്തെ ജമ്മു കാഷ്മീർ ലഫ്. ജനറൽ മനോജ് സിൻഹ അപലപിച്ചു. ഭീകരർക്കും അവരുടെ സഹായികൾക്കും തക്ക തിരിച്ചടി നല്കുമെന്ന് അദ്ദേഹം പറഞ്ഞു.